ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിൽ അർധസൈനിക വിഭാഗം വെടിനിർത്തൽ പ്രഖ്യാപിച്ചു. റമദാൻ ആഘോഷം പരിഗണിച്ച് 72 മണിക്കൂർ വെടിനിർത്തൽ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അടക്കമുള്ളവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് അർധസൈനിക വിഭാഗത്തിന്റെ തീരുമാനം.
എന്നാൽ വെടിനിർത്തൽ തീരുമാനത്തോട് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. സുധാനിൽ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നത്. ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ 330 പേരാണ് കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലിൽ 3300 ലേറെ പേർക്ക് പരിക്കേറ്റതായും യുഎൻ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അറിയിച്ചു. പോരാട്ടം രൂക്ഷമായ പ്രദേശങ്ങളിൽ മൃതദേഹങ്ങൾ പൂർണമായി കണ്ടെത്താനായിട്ടില്ലെന്നും, മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും സംഘടന സൂചിപ്പിച്ചു.
ആഭ്യന്തര യുദ്ധത്തെത്തുടർന്ന് സുഡാനിലുള്ള നിരവധി ഇന്ത്യാക്കാരും കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സൗദി അറേബ്യ, യുഎഇയി വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തിയതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു. സുഡാനിൽ വിദേശകാര്യമന്ത്രാലയം 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.