Saturday, November 23, 2024
HomeLatest Newsസുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിന് ഇടക്കാല ജാമ്യം

സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിന് ഇടക്കാല ജാമ്യം

ഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിന് ഇടക്കാല ജാമ്യം. ഡല്‍ഹി പട്യാല  ഹൗസ്‌ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അനുവാദമില്ലാതെ രാജ്യം വിട്ട് പോകരുതെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, കേസില്‍ ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ദില്ലി പട്യാല ഹൗസ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം ജയിക്കുമെന്നും തരൂര്‍ നേരത്തെ പറഞ്ഞിരുന്നു.

വിദ്വേഷംനിറഞ്ഞ പ്രചാരണത്തിന്റെ ഉത്പന്നമാണ് ആരോപണം. ഈ വിഷയത്തില്‍ ഉചിത നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ രണ്ടുകുറ്റങ്ങള്‍ക്കും തരൂരിനെതിരെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നാണ്‌ ഡല്‍ഹി പോലീസ് അവകാശപ്പെടുന്നത്‌.

സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ ഗാര്‍ഹികപീഡനത്തിന്റെ തെളിവുകളായും സുനന്ദ തരൂരിന് അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ ആത്മഹത്യാ പ്രേരണയ്ക്കുള്ള തെളിവായും പോലീസ് ഹാജരാക്കി. കേസില്‍ ഹര്‍ജിക്കാരനും ബി ജെ പി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ ഹാജരായിരുന്നു.

2014 ജനുവരി 17 നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദപുഷ്‌കര്‍ മരിച്ചത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയിൽ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാർ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോ.സുധീർ ഗുപ്‌ത ആദ്യം വ്യക്‌തമാക്കിയിരുന്നു. എന്നാൽ, അൽപ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളിൽ കണ്ടെത്താതിരുന്നത് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി. റിപ്പോർട്ട് കെട്ടിച്ചമയ്‌ക്കാൻ തന്റെമേൽ സമ്മർദമുണ്ടായെന്ന് ഡോ.ഗുപ്‌ത പിന്നീട് ആരോപിച്ചു.

എയിംസ് ഓട്ടോപ്സി വിഭാഗം നടത്തിയ പരിശോധനയിൽ കാരണം കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായം തേടി. അസ്വാഭാവികമരണം ആണെന്നു കണ്ടെത്തിയ എഫ്ബിഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂർ ഉൾപ്പെടെ ഏഴുപേരെ ചോദ്യംചെയ്തിരുന്നു. അതിൽ ആറുപേരെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയരാക്കി. മരണത്തിനു മുമ്പു സുനന്ദയുടെ മൊബൈൽ ഫോണിൽ വന്ന കോളുകളും അവർ നടത്തിയ ചാറ്റിങ്ങും വിശകലനം ചെയ്തിരുന്നു.

ഇതിനിടെ സുനന്ദപുഷ്‌കര്‍ മരിച്ച കേസ് പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.വലിയ സ്വാധീനമുള്ള വ്യക്തികള്‍ക്ക് കേസില്‍ പങ്കുള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു ഹര്‍ജി.എന്നാല്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ദില്ലി ഹൈക്കോടതി തള്ളി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments