Friday, October 4, 2024
HomeLatest Newsസുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഉപരാഷ്ട്രപതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: സുപീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി. രാജ്യസഭാ അധ്യക്ഷനാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത്. രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത്. ഉപരാഷ്ട്രപതിയുടെ തീരുമാനം അറ്റോര്‍ണി ജനറല്‍ അടക്കമുള്ള നിയമവിദഗ്ധരുമായി ആലോചിച്ച്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.

തീരുമാനത്തിലെത്തുന്നതിനു മുന്‍പ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, സുപ്രീം കോടതി മുന്‍ ജഡ്ജി വി. സുദര്‍ശന്‍ റെഡ്ഡി, ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ നിയമ സെക്രട്ടറി പി.കെ. മല്‍ഹോത്ര, മുന്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ്, രാജ്യസഭ സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉപരാഷ്ട്രപതി ചര്‍ച്ച നടത്തിയിരുന്നു.

രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ അത്തരമൊരു ഹര്‍ജിയുമായി കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചാല്‍ അത് പരിഗണിക്കുക ചീഫ് ജസ്റ്റിസായിരിക്കും എന്ന സങ്കീര്‍ണമായ സാഹചര്യം മുന്നിലുണ്ട്.

സുപ്രീകോടതി ചീഫ് ജസ്റ്റിസിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തി മൂന്ന് ദിവസം മുമ്പ് നോട്ടീസ് നല്‍കിയത്. ഏഴ് പാര്‍ട്ടികളിലെ 71 എംപിമാര്‍ ഒപ്പിട്ടതായിരുന്നു ഇംപീച്ച്‌മെന്റ് നോട്ടീസ്. 1968ലെ ജഡ്ജസ് എന്‍ക്വയറി ആക്ട് അനുസരിച്ച് ലോക്‌സഭയിലെ 100 അംഗങ്ങളോ രാജ്യസഭയിലെ 50 അംഗങ്ങളോ ജഡ്ജിക്കെതിരെയുള്ള പ്രസ്താവനയില്‍ ഒപ്പിട്ടാല്‍ മാത്രമേ പരാതി പരിഗണിക്കുകയുള്ളൂ.

ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോഴ അഴിമതിയില്‍ ദീപക് മിശ്രയുടെ പേര് പരാമര്‍ശിക്കപ്പെട്ടതാണ് ഇംപീച്ച്‌മെന്റിന് ആധാരമായി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന ആരോപണം. ഈ കേസില്‍ യുപി ഹൈക്കോടതി ജഡ്ജിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ചില ഇടനിലക്കാരെ അറസ്റ്റ് ചെയ്തപ്പോള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ബന്ധപ്പെടുത്തി ചില മൊഴികള്‍ അവര്‍ നല്‍കുകയും ചെയ്തു. പിന്നീട് ഈ കേസില്‍ കോഴയില്‍ ഉള്‍പ്പെട്ട കോളേജിന് അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടായതും ദീപക് മീശ്രയെ സംശയനിഴലിലാക്കി. ഈ കേസ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ഭരണഘട ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നുവെങ്കിലും പിന്നീട് ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെട്ട് കേസ് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിനെതിരെ കടുത്ത ആരോപണങ്ങളുമായി സഹജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments