കൊച്ചി: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളിൽ പതിച്ചിട്ടുള്ള പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി. നിയമ പ്രകാരമുള്ള സുരക്ഷ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും കോടതിഅഭിപ്രായപ്പെട്ടു.
വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ടായത്.
വടക്കഞ്ചേരി അപകടത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല, അപകടമുണ്ടാക്കിയ ബസിനുള്ളില്‍ നിന്നുള്ള വീഡിയോയും കോടതി പരിശോധിച്ചു.
ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എക്സ്പോകള്‍, ഓട്ടോ ഷോകള്‍ എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.