കൊച്ചി: ബ്രഹ്മപുരം വിവാദം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. വിഷയത്തിൽ കോൺഗ്രസ് ഉടൻ ഹർജി നൽകിയേക്കും. തീപിടിത്തത്തിലേക്ക് നയിച്ച വിഷയങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണം സ്വീകാര്യമല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
സോണ്‍ട കമ്പനിക്ക് ബയോ മൈനിങ് കരാര്‍ നല്‍കിയത് അന്വേഷിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബ്രഹ്മപുരം കരാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ രംഗത്തുവന്നിരുന്നു. ഏഴു ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് വി ഡി സതീശന്റെ നിലപാട്.
പ്രളയത്തിനു ശേഷം 2019 ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്‍ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയോ? എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത്. കേരളത്തിലെ വിവിധ കോര്‍പറേഷനുകളില്‍ ബയോ മൈനിങ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പു കരാര്‍ സോണ്‍ട കമ്പനിക്കു ലഭിച്ചതെങ്ങനെ?, സിപിഎം നേതൃത്വം നല്‍കുന്ന കൊല്ലം കോര്‍പറേഷനും കണ്ണൂര്‍ കോര്‍പറേഷനും സോണ്‍ടയെ ഒഴിവാക്കിയിട്ടും ബ്രഹ്മപുരത്തു തുടരാന്‍ അനുവദിക്കുകയും വേസ്റ്റ് ടു എനര്‍ജി പദ്ധതി കൂടി നല്‍കാന്‍ തീരുമാനിച്ചതും എന്തിന്? സോണ്‍യ്ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തിനു മറുപടിയുണ്ടോ? ബയോ മൈനിങ് കരാറില്‍ കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടിസ് നല്‍കാത്തതെന്തുകൊണ്ട്?കരാര്‍ വ്യവസ്ഥയ്ക്കു വിരുദ്ധമായി സോണ്‍ട കമ്പനി ഉപകരാര്‍ നല്‍കിയതു സര്‍ക്കാരോ കൊച്ചി കോര്‍പറേഷനോ അറിഞ്ഞോ? കരാര്‍ പ്രകാരം പ്രവര്‍ത്തിച്ചില്ലെന്നു വ്യക്തമായതിനു ശേഷവും നോട്ടിസ് നല്‍കുന്നതിനു പകരം സോണ്‍ടയ്ക്ക് ഏഴു കോടിയുടെ മൊബിലൈസേഷന്‍ അഡ്വാന്‍സും പിന്നീടു നാലു കോടിയും അനുവദിച്ചതെന്തിന്? എന്നിവയാണ് മറ്റു ചോദ്യങ്ങള്‍.
സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറുണ്ടോ എന്ന് വെല്ലുവിളിച്ച വി ഡി സതീശന്‍, കോണ്‍ഗ്രസുകാര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ എന്നും പറഞ്ഞു.