ന്യൂദല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. ഇന്ത്യന്‍ എക്‌സ്പ്രസിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ബി.ജെ.പിയുടെ പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള തുറന്ന കത്തായാണ് അദ്ദേഹം ലേഖനത്തെ വ്യാഖ്യാനിക്കുന്നത്.
‘2014 ലെ ലോകസ്ഭ തെരഞ്ഞെടുപ്പില്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് അഹോരാത്രം പ്രയത്‌നിച്ചു. അതിന്റെ ഫലമായി നമ്മള്‍ ജയിച്ചു, അധികാരത്തിലെത്തി.’
എന്നാല്‍ നാലുവര്‍ഷങ്ങള്‍ക്കിപ്പുറം നമുക്ക് വോട്ട് ചെയതവരോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ ബാങ്ക് തട്ടിപ്പ് തുടര്‍ക്കഥയായെന്നും അദ്ദേഹം പറഞ്ഞു. മുന്‍പുള്ളതിനെക്കാള്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവെന്നും പ്രതികളില്‍ പലരും ബി.ജെ.പിയുമായി ബന്ധമുള്ളവരാണെന്നത് പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷങ്ങളും ദളിതരും അരക്ഷിതരാണെന്നും ഭരണഘടനാപരമായ സുരക്ഷ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യവും നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍പ്പോലും ബി.ജെ.പി എം.പിമാര്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടുന്നില്ലെന്ന് പല സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ടുണ്ട്. മറ്റു ബി.ജെ.പി യോഗങ്ങളിലും ആശയവിനിമയം എന്നത് വണ്‍വേ മാത്രമായിപ്പോകുന്നു.’
പ്രധാനമന്ത്രിയ്ക്ക് നമ്മളെ കേള്‍ക്കാന്‍ സമയമില്ലെന്നും യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി. പാര്‍ലമെന്റ് നടപടികളെല്ലാം കഴിഞ്ഞ നാലുവര്‍ഷമായി പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പ്രതിപക്ഷത്തോട് സൗഹാര്‍ദ്ദപൂര്‍ണ്ണമായ നിലപാട് സ്വീകരിച്ചിരുന്നപ്പോള്‍ ഇന്ന് അത്തരമൊരു കാഴ്ച കാണാനാകുന്നില്ലെന്നും സിന്‍ഹ പറഞ്ഞു.