തിരുവനന്തപുരം: സര്‍ക്കാരിനു കുരുക്കായി മാറിയ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ കുരുക്കഴിക്കാനുളള കഠിന പരിശ്രമത്തില്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സ്വാശ്രയ കോളജുകളില്‍ താല്‍ക്കാലിക ഫീസില്‍ പ്രവേശനം നടത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച് പരീക്ഷാ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് തന്നെ ഓപ്ഷന്‍ ക്ഷണിച്ച് വിജ്ഞാപനം ഇറങ്ങും. എന്നാല്‍ താത്കാലിക ഫീസില്‍ പ്രവേശനം അംഗീകരിക്കില്ലെന്ന നിലപാട് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നേരത്തെ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലുണ്ടാവാന്‍ സാധ്യതയുള്ള കോടതി നടപടികളില്‍ നിന്നും രക്ഷപെടുക എന്ന ലക്ഷ്യത്തോടെ ഭാവിയില്‍ ഫീസില്‍ മാറ്റമുണ്ടാകുമെന്ന് വിജ്ഞാപനത്തില്‍ അറിയിക്കും. താല്‍ക്കാലിക ഫീസിലെ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് മാനേജ്‌മെനറുകള്‍ തിങ്കളാഴ്ച് സുപ്രീം കോടതിയെ സമീപിക്കും. താല്‍ക്കാലിക ഫീസില്‍ പ്രവേശനം പാടില്ലെന്ന സുപ്രീം കോടതിയുടെ വിധി നിലനില്ക്കുന്നത് മാനേജ്‌മെന്റുകള്‍ക്ക് സഹായകരമാണ്. സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാടിലേക്ക് കടന്നതോടെ ജൂലൈ മൂന്നിനു മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ മാനേജ്‌മെന്റുകള്‍ തീരുമാനമെടുത്തിട്ടില്ല. ഫീസും പ്രവേശനവും നിയന്ത്രിക്കാനുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി കൃത്യസമയത്ത് പുന:സംഘടിപ്പിക്കാന്‍ വൈകിയതാണ് പ്രതിസന്ധി അതിരൂക്ഷമാക്കിയത്.