റിയാദ്: സഊദിയിൽ അതീവ സുരക്ഷാ മേഖലയായ കൊട്ടാരത്തിന് സമീപത്ത് കൂടി അപ്രതീക്ഷിതമായി പറന്നു നീങ്ങിയ ടോയ് ഡ്രോണ്‍ സുരക്ഷാ അധികൃതര്‍ വെടിവെച്ചിട്ടു. ശനിയാഴ്ച വൈകുന്നേരും 7.30 യോടെയാണ് ഭീതിജനകമായ സംഭവം അരങ്ങേറിയത്. റിയാദിലുള്ള കൊട്ടാരത്തിന്റെ സമീപത്ത് കൂടിയാണ് ഡ്രോണ്‍ പറന്ന് നീങ്ങിയത്.
ഖുസ്സാമയിലുള്ള ചെക്ക്‌പോയിന്റാണ് ഇത് കണ്ടെത്തിയത്. അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ സേന ഡ്രോണിനെ വെടിവച്ചിട്ടതായി അധികൃതര്‍ വ്യക്തമാക്കി. 30 സെക്കന്റോളം വെടിവെപ്പ് നീണ്ടുനിന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. സല്‍മാന്‍ രാജാവ് ഈ സമയം കൊട്ടാരത്തിനുള്ളില്‍ ഉണ്ടായിരുന്നില്ലെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അദ്ദേഹം ദിരിയയിലുള്ള തന്റെ ഫാം ഹൗസിലായിരുന്നു. കൊട്ടാരത്തിന് സമീപത്ത് കൂടി ഡ്രോണ്‍ പറന്നുയര്‍ന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് സഊദി ആഭ്യന്തര മന്ത്രാലയം. സൈന്യം ഡ്രോണ്‍ വെടിവച്ചിടുന്നിതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായിട്ടുണ്ട്. അതീവ സുരക്ഷയുള്ള കൊട്ടാരത്തിന് സമീപം ഡ്രോണ്‍ എങ്ങിനെ എത്തി എന്നത് സംബന്ധിച്ച് സഊദി സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.