കൊച്ചി: സംസ്ഥാനത്തെ 14ൽ 10 ജില്ലയും ഭരിക്കുന്നത് വനിത കലക്ടർമാർ. ബുധനാഴ്ച ആലപ്പുഴ ജില്ല കലക്ടറായി ഡോ.രേണു രാജിനെ നിയമിച്ചതോടെയാണ് ജില്ലകളുടെ ഭരണസാരഥ്യത്തിൽ പെൺതേരോട്ടം റെക്കോഡിലെത്തിയത്.
തിരുവനന്തപുരം-നവ്ജ്യോത് ഖോസ, കൊല്ലം -അഫ്സാന പർവീൻ, പത്തനംതിട്ട -ഡോ.ദിവ്യ എസ്. അയ്യർ, ആലപ്പുഴ -ഡോ.രേണുരാജ്, കോട്ടയം -ഡോ.പി.കെ. ജയശ്രീ, ഇടുക്കി -ഷീബ ജോർജ്, തൃശൂർ -ഹരിത വി. കുമാർ, പാലക്കാട്-മൃൺമയി ജോഷി, വയനാട് -എം.ഗീത, കാസർകോട് -ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരാണ് നിലവിൽ വിവിധ ജില്ലകൾ ഭരിക്കുന്ന വനിത ഐ.എ.എസുകാർ. ഇതിൽ നവ്ജ്യോത് ഖോസ (ഡെന്റൽ), ദിവ്യ എസ്. അയ്യർ, ഡോ. രേണുരാജ് എന്നിവർ മെഡിക്കൽ ഡോക്ടർമാരും ഡോ.പി.കെ. ജയശ്രീ കാർഷിക സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയയാളുമാണ്.
എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പുരുഷന്മാരാണ് കലക്ടർ ചുമതലയിലുള്ളത്. കൊല്ലം കലക്ടർ അഫ്സാന പർവീന്റെ ഭർത്താവ് ജാഫർ മാലിക്കാണ് എറണാകുളം കലക്ടർ എന്നതും പ്രത്യേകതയാണ്.