Sunday, November 24, 2024

നമുക്കുമുണ്ടായിരുന്നു ഓസ്‌കാര്‍ സിന്റലര്‍’

ടീം പ്രവാസി മലയാളി-ന്യൂഡല്‍ഹി.

‘ഇതാ മനുഷ്യന്‍, …ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല,…’

കല്‍ത്തളത്തില്‍ നിന്നും പുറത്തേക്കുവന്ന ദേശാധികാരി പീലാത്തോസ് യേശുക്രിസ്തുവിനെപ്പറ്റി പറഞ്ഞു. കാത്തുനിന്ന യഹൂദജനാവലിയുടെ രോഷസ്വരം ഇരമ്പി ഉയര്‍ന്നു. ‘അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ സന്തതികളുടെ മേലും ആയിരിക്കട്ടെ…’

ബൈബിളിന്റെ പൂര്‍ത്തീകരണംപോലെ ചരിത്രം നിറവേറുകയായിരുന്നോ..? യൂദയ എന്ന ഇസ്രായേല്‍ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കപ്പെട്ടു. വിശ്വത്തിന്റെ വിദൂര കോണുകളിലേക്കു ചിതറപ്പെട്ട യഹൂദജനം അനുഭവിച്ച പീഡനങ്ങള്‍ മനുഷ്യചരിത്രത്തിലെ മറ്റൊരു മഹാദുരന്തമായി. ഓര്‍മ്മകളെപ്പോലും നടുക്കുവയാണ് അവയിന്നും. ഗ്യാസ് ചേമ്പറുകളിലും കോസന്‍ട്രേഷന്‍ ക്യാമ്പുകളിലും രോഗത്താലും പീഡനങ്ങളാലും പട്ടിണിക്കിട്ടും, മനുഷ്യത്വരഹിതമായ ശാസ്ത്രപരീക്ഷണങ്ങള്‍ നടത്തിയും നാസികള്‍ കൊന്നൊടുക്കിയ യഹൂദരുടെ സംഖ്യ ആറുദശലക്ഷത്തോളം വരും. യഹൂദനായിരുന്ന കാള്‍ മാര്‍ക്സിന്റെ അനുയായികള്‍പോലും യൂദരോട് ദയ കാട്ടിയില്ല. 1948-ല്‍ ഇത്തെ ഇസ്രായേല്‍ രൂപപ്പെടുമ്പോള്‍ ലോകത്തിന്റെ നാനാകോണുകളില്‍ നിന്നും അഭിനവ കാനാന്‍ ദേശത്തിലേക്ക് കഷ്ടപ്പാടു നിറഞ്ഞ അഭയാര്‍ത്ഥിപ്രവാഹം, മറ്റൊരു പുറപ്പാടിനെ ഓര്‍മ്മിപ്പിച്ചു. പക്ഷേ പിന്നീട് ഇസ്രായേല്‍ എന്ന കാനാന്‍ ദേശത്ത് തേനും പാലുമൊഴുകിയില്ല. ഇസ്രായേല്‍ അനാദികാലം മുതലേ മനുഷ്യരക്തം ചിന്തിയ രാജ്യമാണ്. ഇത്രയധികം പീഡനങ്ങള്‍ ഏറ്റുവാങ്ങിയ മറ്റൊരു ജനതയും ലോക ചരിത്രത്തില്‍ ഇല്ല. എന്നാലും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ക്ക് ഇന്ന് ലോകം കപ്പം കൊടുക്കുകയാണ്, ബുദ്ധിശക്തിയുടെ പേരില്‍, കണ്ടുപിടുത്തങ്ങളുടെ പേരില്‍, ലോകത്തെ ഏതു ശ്ാസ്ത്രീയ കണ്ടുപിടുത്തത്തിന്റെ പിന്നിലും ഒരു യഹൂദന്റെ തല പ്രവര്‍ത്തിച്ചിട്ടുണ്ടാകും. എന്നാല്‍ ഇസ്രായേല്‍ പാലസ്ഥീനികളോട് കാട്ടുന്ന കാടന്‍ പ്രവര്‍ത്തികള്‍ക്ക് ഗ്യാസ് ചേമ്പറുകളും, നാസികളുടെ പീഡനങ്ങളും ഒന്നും ന്യായീകരണമല്ലതാനും.

ഡല്‍ഹി സിനഗോഗിലെ റബ്ബി ഐസക്കിയേല്‍ ഇസഹാക്ക് മല്‍ക്കര്‍ ഇന്ത്യയെന്ന തന്റെ രണ്ടാമത്തെ ഭവനത്തെപ്പറ്റി സംസാരിക്കുന്നു. ഗാന്ധിജിയുടെ ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് ഏറെ അഭിമാനമാണുള്ളത്, നാസികളുടെ പീഡനകാലത്ത് യഹൂദര്‍ പീഡിപ്പിക്കപ്പെടാത്ത, വംശവിദ്വേഷത്തിന് ഇരയാകാത്ത ഒരു രാജ്യമുണ്ടെങ്കില്‍ അത് ഇന്ത്യയാണ്, ഇന്ത്യമാത്രമാണ്. മാത്രമല്ല ആയിരത്തോളം അഭയാര്‍ത്ഥികളായ യൂദ കുട്ടികളെ രക്ഷിച്ച ചരിത്രവും ഇന്ത്യയ്ക്കുണ്ട്.

നമ്മുടെ ഓസ്‌കാര്‍ ഷിന്‍ഡലര്‍:

യഹൂദനായ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബഗിന് ഏഴ് ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിക്കൊടുത്ത ചിത്രമാണ് ‘സിഡ്ളേഴ്സ് ലിസ്റ്റ്.’ നാസികളുടെ കാലത്ത് രണ്ടായിരത്തോളം യൂദരെ നാസികളില്‍ നിന്നും രക്ഷിച്ച മനുഷ്യസ്നേഹി ഓസ്‌കാര്‍ സിന്‍ഡറിന്റെ കഥപറയുന്നതാണ് ചിത്രം. ആ ചിത്രത്തിലെ നായകനോട് താരതമ്യപ്പെടുത്താവുന്ന ഒരു നാട്ടുരാജാവ് ബ്രീട്ടീഷ് ഇന്ത്യയിലുമുണ്ടായിരുന്നു. ആയിരത്തിലധികം യഹൂദ-ക്രിസ്ത്യന്‍ അഭയാര്‍ത്ഥി കുട്ടികള്‍ക്ക് അഭയം നല്‍കിയ മഹാരാഷ്ട്രയിലെ ജാം നഗറിലെ (ഇന്നത്തെ ഗുജറാത്തിലെ) നാട്ടുരാജാവ് മഹാരാജ് ദിഗ്വിജയ്സിംഗ് രജ്ഞിത് സിംഗ് ജഡേജ.

ഗുജറാത്തിലെ ജാം നഗര്‍ മഹാരാജാവ് ദിഗ്വിജയ്സിംഗ് രജ്ഞിത്സിംഗ് ജഡേജ.


1939-ല്‍ സെപ്തംബര്‍ 17-ന് ജോസഫ് വസോറോവിച്ച് സ്റ്റാലിന്റെ സോവ്യറ്റ് റഷ്യ (യൂണിയന്‍ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്രിക്ക്) പോളണ്ടിന്‍രെ പതുതി ആക്രമിച്ച് കൈയ്യേറി. ജര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റലറിന്റെ നേതൃത്വത്തില്‍ രണ്ടാം റീച്ച് അധികാരത്തിലേറിയ കാലം ഓക്ടോബര്‍ 1-ന് നാസികള്‍ പോളണ്ടിനെ ആക്രമിച്ചു പോളണ്ടിന്റെ പടിഞ്ഞാറ് ഭാഗവും കയ്യേറി. പോളണ്ട് എന്ന രാജ്യം ലോക ഭൂപടത്തില്‍ നിന്നും ഇല്ലാതാക്കുകയയിരുന്നു ലക്ഷ്യം. തുടക്കത്തില്‍ നാസികളും ചെമ്പടയും തമ്മില്‍ പരസ്പരം ആക്രമിക്കില്ല എന്ന രഹസ്യ ധാരണയും ഉണ്ടായിരുന്നു എന്നും ചരിത്രകാരന്മാര്‍ സംശയിക്കുന്നു.
1942-ല്‍ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടു, ലോക രാജ്യങ്ങളിലെല്ലാം യുദ്ധത്തിന്റെ കെടുതിയും വറുതിയും അനുഭവിക്കുന്ന കാലം. ഒളിവില്‍ കഴിഞ്ഞ പോളണ്ടിന്റെ പ്രധാനമന്ത്രിയും, സൈനീക മേധാവിയുമനായ ജനറല്‍ വളാഡിസ്ലാവ് സിക്കോര്‍സ്‌ക്വി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന് കത്തെഴുതി അഭ്യര്‍ത്ഥിച്ചു. ‘പോളണ്ടില്‍ നിന്നും റഷ്യയിലേക്ക് നാടുകടത്തിയ പട്ടിണി കിടന്ന് മരിക്കാറായ ആയിരത്തിലധികം പോളിഷ് കുട്ടികളുടെ ജീവന്‍ രക്ഷിക്കണം. നാസികള്‍ കൊന്നൊടുക്കിയവരുടെ മക്കളും അക്കൂട്ടത്തിലുണ്ട്. 2-വയസ്സ് മുതല്‍ 17 വരെ പ്രായമുള്ള കുട്ടികളാണ്, പോളണ്ടിന്റെ ഭാവിയും, നിധിയുമാണവര്‍, അവരെ ഏറ്റെടുക്കാന്‍ തയ്യാറുള്ള ഏതെങ്കിലും രാജ്യത്തേയ്ക്ക് അവരെ സുരക്ഷിതരായി അയക്കണം. റഷ്യയില്‍ നിന്നും ആയിരം കുട്ടികളുമായി എങ്ങോട്ടെന്നില്ലാതെ യാത്ര തിരിച്ച അഭയാര്‍ത്ഥി കപ്പലിനുള്ളില്‍ പട്ടിണി കിടന്നു ജീവന്‍ മാത്രം ബാക്കിയായ ഞങ്ങളുടെ കുട്ടികളുണ്ട്.’

ബ്രിട്ടീഷ് ഭരണാധികാരികളില്‍ നിന്നും അഭയാര്‍ത്ഥി കപ്പലിനെക്കുറിച്ച് അറിവ് ലഭിച്ച ഗുജറാത്തിലെ ജാം നഗര്‍ മഹാരാജാവ് ദിഗ്വിജയ്സിംഗ്ജി രജ്ഞിത്സിംഗ്ജി ജഡേജ പോളിഷ് അനാഥബാല്യങ്ങളുടെ രക്ഷകനായി.

ഗുജറാത്തിലെ ജാം നഗര്‍ മഹാരാജാവ് ദിഗ്വിജയ്സിംഗ് രജ്ഞിത്സിംഗ് ജഡേജ പോളിഷ് അനാഥകുട്ടികള്‍ക്കൊപ്പം.

ബ്രിട്ടീഷ് ഇംപീരിയല്‍ വാര്‍ കൗണ്‍സില്‍ അംഗവും, ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ സമിതിയിലെ സംഘാടകനുമായിരുന്നു ജാംനഗര്‍ രാജാവ്. ‘ജാംനഗര്‍ കി ബാപ്പു’, (പിതാവ്) എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം നേരിട്ടെത്തി ഗുജറാത്തിലെ ജാം നഗറില്‍ തന്റെ ഭരണ പ്രദേശത്തെ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ കുട്ടികളെ സ്വീകരിച്ചു. അവര്‍ക്കായി ഗുജറാത്തിലെ ബാലഛടിയിലെ തന്റെ സ്വകാര്യ ഭൂമിയില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചു. സ്‌കൂള്‍ സ്ഥാപിക്കാനായി തന്റെ ഗസ്റ്റ് ഹൗസ് വിട്ടുകൊടുത്തു. യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവരും, നാസികള്‍ കൊന്നുതള്ളാതിരിക്കാന്‍ റഷ്യയിലേക്കും സൈബിരിയിലേക്കും ഒളിച്ചു കടത്തിയ ജൂതകുട്ടികളുമായിരുന്നു അവരില്‍ അധികവും. 1942-ല്‍ സൈബീരയില്‍ നിന്നും കരമാര്‍ഗം കുട്ടിഅഭയാര്‍ത്ഥികളും അവരെ സംരക്ഷിച്ച പോളിഷ് വനിതകളും ഇറാനിലെത്തി അവിടെനിന്നും കപ്പലില്‍ യാത്രതിരിച്ചു. യാത്രാമധ്യേ പിന്നിട്ട പല തീരത്തും അവര്‍ അഭയം ചോദിച്ചു, ആരും സഹായിച്ചില്ലെന്നു മാത്രമല്ല തങ്ങളുടെ സമുദ്രാതിര്‍ത്തി വിട്ടുപോകാന്‍ താക്കീതും കൊടുത്തു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം അതിന്റെ അന്ത്യത്തോട് അടുക്കുന്ന സമയമായിരുന്നു. പണവും ഭക്ഷ്യവസ്തുക്കളുമെല്ലാം യുദ്ധരംഗത്തേക്ക് വഴിതിരിച്ചു വിട്ടതിനാല്‍ രാജ്യം വറുതിയുടെ വക്കിലായിരുന്നു. ഈ അവസ്ഥയിലാണ് നാസികളുടെ ഗ്യാസ് ചേമ്പറുകളെയും കൊലക്കളങ്ങളെയും പിന്നിട്ടെത്തിയ പോളണ്ടിന്റെ ഭാവി വാഗ്ദാനങ്ങളെ ഇന്ത്യ കൈയ്യേറ്റുവാങ്ങിയത്. യുദ്ധാനന്തരം അവരില്‍ പലരും പോളണ്ട്, ഇംഗ്ലണ്ട്, അമേരിക്ക, ക്യാനഡ, ഇസ്രായേല്‍ എന്നിവിടങ്ങളിലുള്ള യഹൂദര്‍ ദത്തെടുത്തു. അവരില്‍ 200 ലധികം പേര്‍ ഇന്നും വിവിധ ലോകരാജ്യങ്ങളില്‍ ജിവിച്ചിരിക്കുന്നു. മുതിര്‍ന്നതിനുശേഷമാണ് അവരില്‍ പലരും ജീവിച്ചിരിക്കുന്ന തങ്ങളുടെ മാതാപിതാക്കളും, സഹോദരങ്ങളും നേരില്‍ കാണുന്നത്. ജീവിന്‍ രക്ഷിച്ച ജാംനഗര്‍ രാജാവിന്റെ മകളെ കാണാന്‍ അവരില്‍ ഏതാനും പേര്‍ രണ്ട് വര്‍ഷം മുമ്പ് ഗുജറാത്തിലെ ബാലാഛടിയിലെ രാജകൊട്ടാരത്തിലെത്തിയിരുന്നു. പോളണ്ട് തസ്ഥാനമായ വാര്‍സോയില്‍ ഈ കുട്ടികളുടെ രക്ഷകനായ മഹാരാജ ദിഗ്വിജയ്സിംഗിന്റെ പേരില്‍ ഒരു തെരുവും, സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. പോളീഷ് ഭാഷയില്‍ മഹാരാജാവിനെക്കുറിച്ച് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യഹൂദര്‍ ഇന്ത്യന്‍ ചരിത്രം.

റബ്ബി ഐസക്കിയേല്‍ ഇസഹാക്ക് മല്‍ക്കര്‍ യഹൂദര്‍ ആരാധനയ്ക്ക് ഉപയോഗിക്കുന്ന മുട്ടനാടിന്റെ കൊമ്പുകൊണ്ടുള്ള കാഹളം മുഴക്കുന്നു

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ കുടിയേറിയവരാണ് ഇന്ത്യയിലെ യഹൂദര്‍. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഏകദേശം ഒരു ലക്ഷത്തോളം യഹൂദര്‍ ഇന്ന് ഇസ്രായേലിലുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ആദ്യത്തെ യൂദകുടിയേറ്റം നടതായി ചരിത്രരേഖകളുണ്ട്. ഇന്നത്തെ കൊങ്കണ്‍ പ്രദേശമാണ് അത്. മികച്ച സമുദ്ര സഞ്ചാരികളായിരുന്നു യഹൂദര്‍. കപ്പല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടവരായിരുന്നു ആദ്യം ഇന്ത്യയില്‍ വന്നത്. കപ്പല്‍ നിര്‍മ്മിക്കാനുള്ള കേരളത്തില്‍ നിന്നുള്ള മികച്ച തരം തേക്ക് മരങ്ങള്‍ക്കൊപ്പം, മസാലകൂട്ടുകളും മഹാരാഷ്ടയിലെത്തി കടല്‍ കടന്ന് ജറുസലേമിലെത്തിയത് അങ്ങനെയാണ്. ബൈബിളിലെ പഴയ നിയമത്തില്‍ പ്രതിപാദിക്കുന്ന ബാബിലോണ്‍ (ഇന്നത്തെ പുരാതന ഇറാക്കിലെ) രാജാവ് നെബുക്കദ്സേനറിന്റെ കൊട്ടാരത്തില്‍ നിന്നും ലഭിച്ച തേക്ക് തടിയുടെ കാലപ്പഴക്കം അയ്യായിരത്തിലധികം വര്‍ഷമാണ്. കേരളത്തില്‍ കാണുന്ന ഇനം മരങ്ങളാണ് ഇവയെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗുജറാത്ത്, ബോംബെ, പൂനെ, കൊച്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് കുടിയേറിയ ഇസ്രായേലി യഹൂദര്‍ താമസമാക്കിയത്. ഏകദേശം അയ്യായിരത്തോളം യഹൂദര്‍ ഇന്ന് ഇന്ത്യയുടെ നാനാഭാഗത്തുമുണ്ട്. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ പ്രദേശത്തുള്ള മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ താമസമാക്കിയ ‘ബനേ യഹൂദര്‍’ ഇസ്രായേലിലെ 12 ഗോത്രങ്ങളില്‍ ഒന്നാണ്.

ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെ ഏക സിനഗോഗാണ് ഡല്‍ഹിയിലേത്. ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിന് സമീപമുള്ള ഹുമയൂണ്‍ റോഡിലെ രണ്ടാം നമ്പര്‍ കെട്ടിടമാണ് ‘ജൂത ഹെം സിനഗോഗ്’ എന്ന പേരില്‍ അറിയപ്പെടുന്ന ജൂതപ്പള്ളി. 1956-ല്‍ സ്ഥാപിതമായതാണ്. ഡല്‍ഹിയിലെ ജൂത മതസ്ഥര്‍ക്ക് മാത്രമല്ല, ഡല്‍ഹിയിലെ വിവിധ രാജ്യങ്ങളുടെ എംബസികളിലെ യഹൂദരായ ജോലിക്കാര്‍, വിവിധ രാജ്യങ്ങളിലെ ഹൈക്കമ്മീഷനുകളിടെ ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍ എന്നിവരും വെള്ളിയാഴ്ച തോറും സാബത്ത് ദിനത്തില്‍ ആരാധയ്ക്കെത്തുന്നത് ഈ സിനഗോഗിലാണ്. സിനഗോഗ് നിര്‍മ്മിക്കാന്‍ ധനസഹായം ചെയ്തവരുടെയെല്ലാം പേരുവിവരങ്ങള്‍ പള്ളിയുടെ പുറത്തെ ഭിത്തിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
‘മറ്റ് സിനഗോഗുകളെ സംബന്ധിച്ച് ഡല്‍ഹി സിനഗോഗിന്റെ സവിശേഷത യദൂരെ കൂടാതെ മറ്റ് മതസ്ഥര്‍ക്കും ഈവിടെ പ്രവേശിക്കാം, ഇവിടെ ആരാധനയില്‍ പങ്കെടുക്കാം. എന്നാല്‍ ആരെങ്കിലും ജൂതമതത്തിലേക്ക് മതംമാറണം എന്നു പറഞ്ഞാല്‍ ഞാന്‍ അനുവദിക്കില്ല.’ റബ്ബി മലേക്കര്‍ പറയുന്നു, ‘ഓരോരുത്തരും അവരുടെ ജനിച്ച മതത്തില്‍ തന്നെ വിശ്വസിക്കണം. എന്നാല്‍ മറ്റുമതങ്ങളെക്കുറിച്ച് അറിയണം അവയിലെ നന്മയെ സ്വാംശീകരിക്കണം. അവരുമായി നല്ല ആശയ സംവാദത്തില്‍ ഏര്‍പ്പെടുകയും വേണം.’
പഴയ നിയമത്തില്‍ മോശ നിര്‍ദ്ദേശിച്ചപോലെ ശാബത്ത് ആചാരണത്തിനു ശേഷം, യഹൂദന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഉപവാസ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഭക്ഷിക്കേണ്ട പ്രത്യേകയിനം നാരങ്ങ ഇസ്രായേലില്‍ നിന്നും കൊണ്ട് വന്ന് സിനഗോഗിന്റെ പരിസരത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതുപോലെ അചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന മലയാളികളുടെ കറിവേപ്പില പോലെ ഒരു ചെടിയും അദ്ദേഹം വിശുദ്ധ നാട്ടില്‍ നിന്നും കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡല്‍ഹിയിലെയും ഉത്തരേന്ത്യയിലെയും വിവിധ മതാന്തര സംവാദവേദികളിലെ സ്ഥിരം സാന്നിദ്ധ്യമാണ് റബ്ബി മലേക്കര്‍, പ്രത്യേകിച്ച് ഡല്‍ഹി അതിരൂപത നടത്തുന്ന മതാന്തര സംവാദ വേദികളില്‍ യഹൂദമതത്തെ പ്രതിനിധീകരിക്കുന്നത് റബ്ബിയാണ്.
എല്ലാ മതങ്ങളെക്കുറിച്ചും പാണ്ഡിത്യമുള്ള റബ്ബി പഴയ നിയമം, യൂദന്മാര്‍ക്കുള്ള ഹീബ്രൂ സംഹിതയായ തോറ, സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ്, ഖുറാന്‍, ഭഗവത് ഗീത എന്നിവയെക്കുറിച്ചും, ബൈബിള്‍ പുതിയ നിയമം എന്നിവയെക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ട്. പല മത സമ്മേളനങ്ങളിലും ബൈബിള്‍, ഖുറാന്‍ ക്ലാസുകളെടുക്കാറുമുണ്ട്. ഇന്തൃന്‍ സംസ്‌കാരത്തെയും വസുധൈവ കുടുംബകമെന്ന ആര്‍ഷഭാരത സങ്കല്‍പ്പത്തിലും ഏറെ മാനിക്കുന്ന വ്യക്തിയാണ്.

ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന റബ്ബി മല്‍ക്കര്‍, കേന്ദ്ര മതന്യൂനപക്ഷ കമ്മീഷനിലെ അണ്ടര്‍ സെക്രട്ടറിയായിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനിക്കുന്നു മല്‍ക്കര്‍. ഭാര്യ സാമൂഹ്യപ്രവര്‍ത്തക. മക്കള്‍ ഷുലാമിത് ഹീബ്രു അധ്യാപികയാണ്, മകന്‍ നോയല്‍.
ഇന്ത്യയിലെ യൂദന്മാര്‍ പതിമൂന്നാം നൂറ്റാണ്ടില്‍ കൊച്ചിയിലെത്തിയവരും, പതിനേഴാം നൂറ്റാണ്ടില്‍ ബോംബെയിലെത്തിയവരുടെയും പിന്‍മുറക്കാരാണ് ഇന്ന് ഈ പ്രദേശത്തുള്ളത്. കൊച്ചിയിലെ അവസാനത്തെ യഹൂദനും ജറുസലേമിലേക്ക് ഏതാനും വര്‍ഷം മുമ്പ് കുടിയേറി.
നോബല്‍ സമ്മാനം നേടിയവരുടെ ലിസ്റ്റ് പരിശോധിച്ചാല്‍ യഹൂദരായിരിക്കും മുന്നില്‍. ലോത്തിന്റെ ഏതു പുതിയ കണ്ടുപിടുത്തങ്ങളുടെയും പിന്നില്‍ ഒരു യഹൂദന്റെ തല പ്രവര്‍ത്തിച്ചിട്ടുണ്ടാകും. യഹൂദന്റെ ബുദ്ധി വൈഭവത്തിലും കാര്യപ്രാപ്തിയിലും വിശ്വസിക്കുന്ന റബ്ബി ഐസക്കിയേല്‍ ഇസഹാക്ക് മല്‍ക്കര്‍ പറയുന്നു ‘ഹിറ്റ്ലര്‍ വന്നു പോയി, ഹമാസ് വന്നു പോയി ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ഇന്നും ലോകത്തെ അമ്പരപ്പിച്ച് ജീവിക്കുന്നില്ലേ.’

വാല്‍ക്കഷണം:

അഭയാര്‍ത്ഥികള്‍ക്കും അശരണര്‍ക്കും മുന്നില്‍ ഒരിക്കലും കാരുണ്യത്തിന്റെ വാതായനങ്ങള്‍ അടയ്ക്കാത്ത ഒരു രാജ്യം, ഇന്ന് ഇസ്ലാം മതത്തില്‍ ജനിച്ചു എന്ന ഒറ്റക്കാരണത്താല്‍ സ്വന്തം പൗരന്മാരെ പാര്‍പ്പിക്കാന്‍ ജയിലറകള്‍ പണിയുകയാണ്.

ഫോട്ടോ ക്യാപ്ഷന്‍:

1-


2

3

.

4-

യഹൂദര്‍ ഉപവാസത്തിന് ശേഷം ഭക്ഷിക്കുന്ന നാരങ്ങ ഇത് ഇസ്രായേലില്‍ നിന്നും കൊണ്ടുവന്നതാണ്.

5

ഡല്‍ഹിയിലെ ജൂതപ്പള്ളി നിര്‍മ്മിക്കാന്‍ ധനസഹായം ചെയ്തവരുടെ പേരുകള്‍ സിനഗോഗിന്റെ ഭിത്തിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

6-

ഡല്‍ഹിയിലെ സിനഗോഗില്‍ സൂക്ഷിച്ചിരിക്കുന്ന കാളിഗ്രാഫിയില്‍ പേപ്പര്‍ റോളില്‍ രേഖപ്പെടുത്തിയ തോറ (യഹൂദര്‍ പാലിക്കേണ്ട നിയമം)

7-

ഗുജറാത്തിലെ ബാലാഛടിയിലെ പോളിഷ് അനാഥ കുട്ടികള്‍.

8-

ജാം നഗര്‍ മഹാരാജാവ് ദിഗ്വിജയ്സിംഗ് രജ്ഞിത്സിംഗ് ജഡേജയുടെ മകള്‍ ഉഷാകുമാരിയെ കാണാനെത്തിയ പഴയ അനാഥ ബാലനും മകളും, മഹാരാജാവ് കുട്ടികള്‍ക്കായി തുന്നിച്ച വസ്ത്രങ്ങള്‍ കാണുന്നു.

8-

പോളിഷ് പാര്‍ലമെന്റ് അംഗങ്ങള്‍ മഹാരാജ ദ്വിഗ്വിജയ് സിംഗിന് ആദരം അര്‍പ്പിക്കുന്നു.

9-

പോളണ്ട് തലസ്ഥാനം വാര്‍സോയിലെ മഹാരാജാ ചത്വരത്തില്‍ ദിഗ് വിജയ് രജ്ഞിത് സിംഗിന് ആദരവ് അര്‍പ്പിക്കുന്ന പോളിഷ് പാര്‍ലമെന്റ് അംഗങ്ങള്‍.

10-

പോളിഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച മഹാരാജാവിന്റെ ജീവചരിത്രം.

11-

ഡല്‍ഹി ജൂത സിനഗോഗ് അധികാരി റബ്ബി.ഐസക്കിയേല്‍ ഇസഹാക്ക് മല്‍ക്കര്‍.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments