12 വയസിൽ താഴെയുളള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ; നിയമഭേദഗതിക്ക് അംഗീകാരം

0
35

ന്യൂഡല്‍ഹി: പോക്‌സോ നിയമത്തില്‍ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി. നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കും. ജമ്മു കശ്മീരിലെ കത്തുവയിൽ എട്ടു വയസുകാരി കൂട്ട ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നിർണായക തീരുമാനം.

12 വയസിൽ താഴെയുളള കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം കാണിക്കുന്നവർക്ക് വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. അലഖ് അലോക് ശ്രീവാസ്തവ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബഞ്ചിനെ അഡീഷണല്‍ സോളിസിറ്ററി ജനറല്‍ പി.എസ്.നരസിംഹയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയില്‍ 15 മിനിറ്റിനിടയില്‍ ഒരു കുട്ടി വീതം ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള കുറ്റകൃത്യം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അഞ്ചിരട്ടിയായതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സര്‍ക്കാരിന്റെ നീക്കം.

കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്കു മരണശിക്ഷ നല്‍കണമെന്നായിരുന്നു ആവശ്യം. ആദ്യ ഘട്ടത്തില്‍ വധശിക്ഷയെ എതിര്‍ത്ത അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വധശിക്ഷ എല്ലാറ്റിനും പരിഹാരമല്ലെന്ന് വാദിച്ചു. എന്നാല്‍ പിന്നീട് പുതിയ നിയമം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറിയിക്കുകയായിരുന്നു.

Leave a Reply