പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷത്തിന് പിന്നാലെ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യ അവശ്യഘട്ടത്തില്‍ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു.
ഓക്‌സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു. ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.