48 ദിവസം നീണ്ട ആക്രമണത്തിനൊടുവില്‍ ഗാസയില്‍ ഇന്ന് രാവിലെ പ്രാദേശികസമയം ഏഴ് മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. 13 ബന്ദികളെ ഇന്ന് വൈകീട്ട് കൈമാറും. ഇന്ത്യന്‍ സമയം രാവിലെ ഏകദേശം പത്തര മണിയോടെയാണ് വെടിനിര്‍ത്തല്‍ നടപ്പില്‍ വരിക. നാലു ദിവസത്തെ താല്‍കാലിക യുദ്ധവിരാമത്തിനാണ് കരാര്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ബന്ദികളില്‍ നിന്നുള്ള ആദ്യ സംഘത്തെ വൈകീട്ട് നാല് മണിയോടെ മോചിപ്പിക്കും. ഇവരുടെ പേരു വിവരങ്ങള്‍ ഇസ്രയേലിന് കൈമാറിയതായി ഖത്തര്‍ അറിയിച്ചു.
അന്താരാഷ്ട്ര റെഡ്‌ക്രോസ്, റെഡ്ക്രസന്റ് എന്നീ കൂട്ടായ്മകള്‍ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കും. കരാര്‍ വ്യവസ്ഥകള്‍ ഇരുപക്ഷവും കൃത്യമായി പാലിക്കണമെന്ന് മധ്യസ്ഥതക്ക് നേതൃത്വം കൊടുത്ത രാജ്യങ്ങള്‍ വ്യക്തമാക്കി. ഖത്തറും ഈജിപ്തും അമേരിക്കയും സംയോജിച്ചാണ് വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നത്. വെടി നിര്‍ത്തല്‍വേളയില്‍ ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ സംഘത്തെ ഹമാസ് വിട്ടു നല്‍കുമ്പോള്‍ പകരം 150 പലസ്തീന്‍ തടവുകാരെ ഇസ്രായേലും വിട്ടുകൊടുക്കും.
എന്നാല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയം തീര്‍ന്നാല്‍ വീണ്ടും ആക്രമണവുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഗാലന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പും ഗാസയിലുടനീളം ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണം നടത്തി. ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും എല്ലാം കര, വ്യോമ ആക്രമണം ശക്തമാക്കിയിരുന്നു. അവസാനത്തെ കണക്കുകള്‍ പ്രകാരം ഗാസയിലെ മരണ സംഖ്യ പതിനയ്യായിരമായി. 6150 പേര്‍ കുട്ടികളും നാലായിരം പേര്‍ സ്ത്രീകളും ആണ് മരിച്ചത്. പരിക്കേറ്റവരുടെ എണ്ണം 36,000 കവിഞ്ഞു.