സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത തമിഴ്നാട് കള്ളക്കുറിച്ചിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 31വരെയാണ് കള്ളക്കുറിച്ചി താലൂക്കില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രിവൈകിയും പ്രദേശത്ത് നാട്ടുകാര്‍ സംഘടിച്ചു നില്‍ക്കുകയാണ്. നാളെ തമിഴ്നാട്ടിലെ സ്വകാര്യ സ്‌കൂളുകള്‍ തുറക്കില്ലെന്ന് തമിഴ്നാട് മെട്രിക്കുലേഷന്‍ ആന്റ് സിബിഎസ്ഇ സ്‌കൂള്‍സ് അസോസിയേഷന്‍ അറിയിച്ചു.
എന്നാല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരേയും പ്രധാനാധ്യാപകനേയുമാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് സിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.
പ്രതിഷേധക്കാര്‍ വന്‍ നാശനഷ്ടമാണ് വരുത്തിയത്. 30 സ്‌കൂള്‍ ബസുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. സ്‌കൂള്‍ കെട്ടിടങ്ങള്‍ അഗ്‌നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരുപതോളംപേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസമാണ് രണ്ട് അധ്യാപകര്‍ തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പ്ലസ് ടു വിദ്യാര്‍ഥിനി സ്വാകാര്യ സ്‌കൂളിലെ ഹോസ്റ്റല്‍ കെട്ടിടടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇന്നലെ മരിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.