24 മണിക്കൂറിനുള്ളില്‍ രക്ഷാദൗത്യത്തിനായി 16 വിമാനങ്ങള്‍ കൂടി യുക്രൈനില്‍ എത്തും

0
382

യുദ്ധം മുറുകുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള ശേഷിക്കുന്ന ഇന്ത്യക്കാരെ ഉടന്‍ തന്നെ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അടുത്ത 24 മണിക്കൂറിനുള്ളില്‍ രക്ഷാദൗത്യത്തിനായി വ്യോമസേനയുടേത് ഉള്‍പ്പെടെ 16 വിമാനങ്ങള്‍ കൂടി അയക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നാളെയോടെ നിലവില്‍ കുടുങ്ങിയിരിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളേയും രാജ്യത്ത് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

പൗരന്‍മാരെ തിരികെ രാജ്യത്ത് എത്തിക്കുന്നത് വരെയെങ്കിലും വെടി നിര്‍ത്തലടക്കമുള്ളവ നടപ്പാക്കണമെന്ന് യുക്രൈന്‍, റഷ്യ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ അതിര്‍ത്തികളില്‍ എത്തിക്കാന്‍ ബസുകള്‍ സജ്ജമാണ്. പക്ഷേ വിദ്യാര്‍ത്ഥികള്‍ക്ക് അവിടേയ്ക്ക് എത്താന്‍ സാധിക്കുന്നില്ല. സുമിയില്‍ വെടി നിര്‍ത്തലുണ്ടായെങ്കില്‍ മാത്രമേ രക്ഷാദൗത്യത്തിന് വേഗം വരികയുള്ളു. ആക്രമണം തുടരുന്നതിനിടെ രക്ഷാദൗത്യം ശ്രമകരമാണ്. എങ്കിലും സാധ്യമായ എല്ലാ വഴികളിലൂടെയും ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരും.

ഇതുവരെയായി 20,000 ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടിട്ടുണ്ട്. ഓപ്പറേഷന്‍ ഗംഗയിലൂടെ 48 വിമാനങ്ങളിലായി 10,344 പേരെ നാട്ടില്‍ തിരിച്ചത്തിച്ചു. എല്ലാവരേയും പുറത്തെത്തിക്കുന്നത് വരെ രക്ഷാദൗത്യം തുടരും. വിദ്യാര്‍ത്ഥികളടക്കമുള്ളവരെ അതിര്‍ത്തിയിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് വേണമെന്ന് ആവശ്യപ്പെട്ട് യുക്രൈന്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. കൂടുതല്‍ ബസുകള്‍ വിദേശകാര്യ മന്ത്രാലയം ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply