കോട്ടയം: നഗരഹൃദയത്തില്‍ റോഡ് നിര്‍മാണത്തിന് കൊണ്ടുവന്ന ജെസിബി മോഷണം പോയി. കെഎസ്ടിപിയുടെ റോഡ് നിര്‍മാണത്തിന് വേണ്ടി കരാറുകാരന്‍ കൊണ്ടുവന്ന ജെസിബിയാണ് മോഷ്ടിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തൊഴിലാളികള്‍ വാഹനം ബേക്കര്‍ ജംഗ്ഷനിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ തൊഴിലാളികള്‍ എത്തിയപ്പോഴാണ് ജെസിബി മോഷണം പോയ വിവരം അറിയുന്നത്. കരാറുകാരന്റെ പരാതി പ്രകാരം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപൂര്‍വമായ ഒരു സംഭവമാണിതെന്ന് പോലീസ് വ്യക്തമാക്കി. ജെസിബി ഓടിച്ചുകൊണ്ടുപോവുകയായിരുന്നോ അതോ മറ്റേതെങ്കിലും വാഹനം കൊണ്ടുവന്നു കയറ്റിക്കൊണ്ടുപോയതാണോ എന്നു വ്യക്തമല്ല. നഗരത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് വെസ്റ്റ് എസ്എച്ച്ഒ നിര്‍മല്‍ ബോസ് പറഞ്ഞു.
ജെസിബി ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 15 ലക്ഷം രൂപ വിലവരുന്നതാണ് ജെസിബിയെന്നാണ് കരാറുകാരന്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.