178 രോഗികളിൽ നിന്ന് പൂജ്യത്തിലേയ്ക്ക് : കോവിഡ് കാലത്തെ കാസർഗോഡ് ചരിതം

0
19

കാസർഗോഡ്

കൊറോണ വൈറസ് തീർത്ത അലയൊലികൾ വികസിത രാജ്യങ്ങളിൽ പോലും കെട്ടടങ്ങാതെ വിരാജിയ്ക്കുമ്പോൾ 178 പേർക്ക് രോഗം സ്‌ഥിരീകരിയ്ക്കുകയും പതിനായിരത്തിലധികം ആളുകൾ നിരീക്ഷണത്തിൽ കഴിയുകയും ഏറ്റവും അധികം കോവിഡ് രോഗികൾ ഉണ്ടായ ചെമ്മനാട് പഞ്ചായത്തും കാസർഗോഡ് താലൂക്കും ‌സ്ഥിതി ചെയ്ത കാസർഗോഡ് ജില്ല കോവിഡ് മുക്തമായി. ചെങ്കള സ്വദേശി 47കാരനായ ഷെരീഫിന്റെ ഫലവും നെഗറ്റീവ് ആയതോടെയാണ് ജില്ല കോവിഡ് മുക്തമായത്.

കോവിഡ് 19 പ്രാരംഭ ദിശയിൽ തന്നെ ജില്ലയെ റെഡ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു. ട്രിപ്പിൾ ലോക്ക് ഡൗൺ തീർത്താണ് പോലീസ് ഹോട്സ്പോട്ടിലെ നിയന്ത്രണങ്ങൾ സാധ്യമാക്കിയത്. ചൈനയിലെ വുഹാനിൽ നിന്ന് കാഞ്ഞങ്ങാട്ട് എത്തിയ മെഡിക്കൽ വിദ്യാർത്ഥിയ്‌ക്കാണ് ജില്ലയിൽ ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചത്‌. ഒരു ഘട്ടത്തിൽ 34 പേർക്ക് വരെ രോഗം സ്‌ഥിരീകരിച്ച ഭീതിജനകമായ അവസ്‌ഥയിലേയ്ക്ക് കാസർഗോഡ് നീങ്ങിയിരുന്നു.

ദുബായിൽ നിന്ന് വന്നവരെ ഹോം ക്വാറന്റൈൻ സംവിധാനത്തിൽ നിന്ന് റൂം ക്വാറന്റൈൻ സംവിധാനത്തിലേയ്ക്ക് മാറ്റിയ രീതി ഫലം കണ്ടു. കർണ്ണാടക അതിർത്തിയിലെ എല്ലാ വഴികളും അടച്ചു. കാസർഗോഡ് മെഡിക്കൽ കോളേജ് സമ്പൂർണ്ണ കോവിഡ് ആശുപത്രിയാക്കി മാറ്റിയത് എടുത്തുപറയേണ്ട നേട്ടമാണ്. കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾക്ക് ചികിത്സ നൽകിയത്. കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും കോവിഡ് രോഗികൾ ചികിത്സ നേടി.

ഇപ്പോൾ ഓറഞ്ച് സോണിൽ സ്‌ഥിതി ചെയ്യുന്ന ജില്ലയിൽ കഴിഞ്ഞ 10 ദിവസമായി കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ല കളക്ടർ ഡോ ഡി സജിത്ത് ബാബു, ജില്ല മെഡിക്കൽ ഓഫീസർ ഡോ എം വി രാംദാസ്, നിരീക്ഷണ സെൽ ഓഫീസർ ഡോ എ ടി മനോജ്, ഐ ജി വിജയ് സാഖറെ തുടങ്ങിയവരുടെ സേവനങ്ങൾ വിലമതിയ്ക്കാൻ കഴിയാത്തതാണ്.

Leave a Reply