ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 18 പേര് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത 24 പേരില്‍ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
കഴിഞ്ഞ ശനിയാഴ്ചയാണ് വിവാദമായ റാലി നടന്നത്. റാലിക്കിടെ ഒരു കുട്ടിയാണ് മത വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം വിളിച്ചത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം ഇന്ന് പോപ്പുലര്‍ ഫ്രണ്ട് എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. റാലിയുടെ പേര് പറഞ്ഞ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയില്‍ എടുക്കുന്നവെന്ന് ആരോപിച്ചാണ് പ്രതിഷേധ മാര്‍ച്ച്. വിഷയത്തില്‍ ഉചതമായ നടപടി വേണമെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ച്ചില്‍ എന്തും വിളിച്ചു പറയാമോയെന്ന് കോടതി ചോദിച്ചു. വിളിച്ചവര്‍ക്ക് മാത്രമല്ല സംഘാടകര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. റാലി സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.