അഴിമതിക്കെതിരെ വിസിലടിയുമായി കമല്‍ഹാസന്‍, മക്കള്‍ നീതി മയ്യത്തിന്റെ പുതിയ ആപ്പ് പുറത്തിറക്കി

0
64

ചെന്നൈ: അഴിമതിക്കെതിരായ പോരാട്ടം, ജനകീയ പ്രശ്നങ്ങളിലെ ഇടപെടല്‍ എന്നിവയ്ക്കായി മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായുള്ള മൊബൈല്‍ ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. മയ്യം വിസില്‍ ആപ്പ് എന്നതു പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കുന്ന മന്ത്രവടിയല്ല. പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുന്നതിനാണു ഉപയോഗിക്കുകയെന്നും കമല്‍ പറഞ്ഞു.

പരിസ്ഥിതി മലിനീകരണം, കുറ്റകൃത്യങ്ങള്‍, അഴിമതി എന്നിവ ശ്രദ്ധയില്‍കൊണ്ടുവരുന്നതിനു വ്യക്തികള്‍ക്ക് ആപ്പ് ഉപയോഗിക്കാം. പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ എന്നിവയ്ക്കു പകരമല്ല മയ്യം വിസില്‍ ആപ്പ്. എന്നാല്‍ അവരെ സഹായിക്കാനും വിമര്‍ശിക്കാനും ആപ്പ് ഉപയോഗിക്കാം. ഉത്തരവാദിത്തപ്പെട്ടവര്‍ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നുണ്ടോയെന്നു വിലയിരുത്തുന്ന സ്ഥാപനമായിരിക്കും ആപ്പെന്നുംകമല്‍ പറഞ്ഞു.

മൊബൈല്‍ ആപ്പ് എന്ന ആശയം മാസങ്ങള്‍ക്കു മുന്‍പെ ഉണ്ടായിരുന്നെങ്കിലും അത് ഇപ്പോഴാണു സാധ്യമായതെന്നും കമല്‍ വ്യക്തമാക്കി. വിഡിയോ, ഫൊട്ടോ തെളിവുകള്‍വച്ചു ജനങ്ങള്‍ക്കു പരാതി നല്‍കാം. ശേഷം സംഘടനയുടെ വളണ്ടിയര്‍ സ്ഥലം സന്ദര്‍ശിച്ചു പരാതി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും. ഒരു വിഷയം മൂന്നു പേരായിരിക്കും പരിശോധിക്കുക. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അഡ്മിന്‍ പരിശോധിച്ച് അനുമതി നല്‍കിയാല്‍ ആപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും കാണാനാകും. ആപ്പ് മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശോധനയ്ക്കു ശേഷം മാത്രമായിരിക്കും അംഗത്വം ലഭിക്കുക. നിയമവിരുദ്ധമായി ഉപയോഗിച്ചാല്‍ അംഗത്വം നഷ്ടപ്പെടും. മറ്റു നടപടികളും നേരിടേണ്ടി വരും. ജനങ്ങളു!ടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ആപ്പ് സംഘടനയെ സഹായിക്കും. ജനങ്ങളിലേക്കുള്ള ചെവിയാണ് ആപ്പെന്നും മക്കള്‍ നീതി മയ്യം അവകാശപ്പെടുന്നു.

Leave a Reply