ന്യൂഡല്‍ഹി: മുന്‍ ടെലികോം മന്ത്രി എ.രാജയെയും ഡി.എം.കെ നേതാവ് കനിമൊഴിയെയും 2ജി അഴിമതിക്കേസില്‍ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരേ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അപ്പീല്‍ നല്‍കി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഇ.ഡി അപ്പീല്‍ നല്‍കിയത്.
ഡല്‍ഹി പ്രത്യേക കോടതി കഴിഞ്ഞ ഡിസംബറില്‍ എ.രാജ, കനിമൊഴി എന്നിവരെ കൂടാതെ കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. കേസില്‍ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
രാജ ടെലികോം മന്ത്രിയായിരിക്കെ 2010ലാണ് 2ജി സ്‌പെക്ട്രം വിതരണത്തില്‍ വന്‍അഴിമതിയുണ്ടെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രാജ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാവുകയും 15 മാസം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. 2ജി അഴിമതിക്കേസില്‍ 2011ലാണ് വിചാരണ ആരംഭിക്കുന്നത്.