ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകളുടെ അച്ചടിനിർത്തിയെന്ന് റിപ്പോർട്ട്. ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ മറുപടിയിലാണ് അച്ചടി നിർത്തിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്നാണ് റിസർവ് ബാങ്ക് നൽകിയ മറുപടി.
എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ 2000 ത്തിന്റെ നോട്ടുകൾ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാണ് ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടി നിർത്തുന്നതെന്നാണ് കരുതുന്നത്. ഉയർന്ന മൂല്യമുള്ള നോട്ടുകൾ ഒഴിവാക്കുന്നതിലൂടെ കള്ളപ്പണ ഇടപാടുകളും കുറയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നോട്ട് നിരോധനത്തെക്കാളും കള്ളപ്പണം തടയാൻ ഫലപ്രദമായ നടപടിയാണിതെന്നും വിലയിരുത്തലുണ്ട്.
2016-17 സാമ്പത്തിക വർഷത്തിൽ 2000 ത്തിന്റെ 3,542,991 മില്യൺ നോട്ടുകൾ അച്ചടിച്ചതായാണ് വിവരാവകാശ നിയമപ്രകാരം ആർബിഐ മറുപടി നൽകിയത്.