Pravasimalayaly

2024 ലോക്സഭാ തിരഞ്ഞെടുപ്പ്; സംയുക്ത റാലിയുമായി ഇൻഡ്യ മുന്നണി

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇൻഡ്യ മുന്നണിയുടെ സംയുക്ത പരിപാടികൾ സീറ്റ് പങ്കിടൽ ചർച്ചകളുടെ അടിസ്ഥാനത്തിലാകുമെന്ന് റിപ്പോർട്ട്. മുന്നണി സംബന്ധിച്ചുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി പകുതിയോടെ സീറ്റ് പങ്കിടലിൽ ഒരു ധാരണ വേണമെന്നാണ് തൃണമൂൽ കോൺ​ഗ്രസിന്റെയും ശിവസേനയുടെയും വാദം.

ഇൻഡ്യ മുന്നണിയു‌‌ടെ നാലാമത്തെ യോ​ഗം നടന്നപ്പോൾ ഈ ആവശ്യം ഉദ്ധവ് താക്കറെ ഉന്നയിച്ചിരുന്നു. സംയുക്ത റാലികൾ സംഘടിപ്പിക്കുമ്പോൾ സീറ്റ് പങ്കിടലിനെക്കുറിച്ചുള്ള സംശയങ്ങളും അഭ്യൂഹങ്ങളും നിലനിൽക്കുകയാണെങ്കിൽ അത് വിപരീതമായി ബാധിക്കും. അതുകൊണ്ട് എല്ലാത്തിലും ധാരണയായ ശേഷം പൊതുയോ​ഗങ്ങളും റാലികളും സംഘടിപ്പിക്കാമെന്നാണ് താക്കറെ പറഞ്ഞത്.

പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികൾ അപക്വമാണെന്നും മുന്നണിയെ നയിക്കാനൊരു നേതാവ് ആണ് വേണ്ടതെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ 23 ലോക്സഭാ സീറ്റുകളാണ് സേന ആവശ്യപ്പെട്ടിരിക്കുന്നത്. ബാക്കിയുള്ള 23 സീറ്റുകൾ എൻസിപിയും കോൺ​ഗ്രസും പങ്കുവയ്ക്കണമെന്നും അവര്‍ പറയുന്നു.

Exit mobile version