2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇൻഡ്യ മുന്നണിയുടെ സംയുക്ത പരിപാടികൾ സീറ്റ് പങ്കിടൽ ചർച്ചകളുടെ അടിസ്ഥാനത്തിലാകുമെന്ന് റിപ്പോർട്ട്. മുന്നണി സംബന്ധിച്ചുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി പകുതിയോടെ സീറ്റ് പങ്കിടലിൽ ഒരു ധാരണ വേണമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെയും ശിവസേനയുടെയും വാദം.
ഇൻഡ്യ മുന്നണിയുടെ നാലാമത്തെ യോഗം നടന്നപ്പോൾ ഈ ആവശ്യം ഉദ്ധവ് താക്കറെ ഉന്നയിച്ചിരുന്നു. സംയുക്ത റാലികൾ സംഘടിപ്പിക്കുമ്പോൾ സീറ്റ് പങ്കിടലിനെക്കുറിച്ചുള്ള സംശയങ്ങളും അഭ്യൂഹങ്ങളും നിലനിൽക്കുകയാണെങ്കിൽ അത് വിപരീതമായി ബാധിക്കും. അതുകൊണ്ട് എല്ലാത്തിലും ധാരണയായ ശേഷം പൊതുയോഗങ്ങളും റാലികളും സംഘടിപ്പിക്കാമെന്നാണ് താക്കറെ പറഞ്ഞത്.
പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികൾ അപക്വമാണെന്നും മുന്നണിയെ നയിക്കാനൊരു നേതാവ് ആണ് വേണ്ടതെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ 23 ലോക്സഭാ സീറ്റുകളാണ് സേന ആവശ്യപ്പെട്ടിരിക്കുന്നത്. ബാക്കിയുള്ള 23 സീറ്റുകൾ എൻസിപിയും കോൺഗ്രസും പങ്കുവയ്ക്കണമെന്നും അവര് പറയുന്നു.