Pravasimalayaly

ഖജനാവ് സംപൂജ്യം, എന്നാല്‍ പെരിയ കേസ് സിബിഐ അന്വേഷണം തടയാന്‍ വാദിച്ച അഭിഭാഷകന് നല്‍കുന്നത് 24.5 ലക്ഷം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു സംസ്ഥാനത്തു ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനിടെ പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം തടയാനായി വാദിച്ച സുപ്രീം കോടതി അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങിന് 24.5 ലക്ഷം രൂപ സര്‍ക്കാര്‍ ഫീസ് അനുവദിച്ചു. പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ വാദിച്ചതിനാണു പ്രതിഫലംഫെബ്രുവരി 21ന് അഡ്വക്കറ്റ് ജനറല്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണു തുക അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരും സിപിഎമ്മും പ്രതിക്കൂട്ടിലായ കേസില്‍ പൊതു പണം ഉപയോഗിച്ച് സിബിഐ അന്വേഷണം തടയാനുള്ള സര്‍ക്കാര്‍ നീക്കം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.


ഈ കേസില്‍ സിബിഐ അന്വേഷണം തടയാനുള്ള കോടതി വാദങ്ങളുടെ ഫീസിനത്തില്‍ മാത്രം സര്‍ക്കാര്‍ ചെലവാക്കിയത് 88 ലക്ഷം രൂപയാണ്. വന്‍ തുക പ്രതിഫലം പറ്റുന്ന അഭിഭാഷകരായ രഞ്ജിത്ത് കുമാര്‍, മനീന്ദര്‍ സിങ്, പ്രഭാസ് ബജാജ് എന്നിവരാണ് പല ഘട്ടങ്ങളിലായി സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ കോടതികളില്‍ എത്തിയത്. എന്നാല്‍ സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെ പൊതു ഖജനാവിലെ പണം ഒഴുക്കിയുള്ള പോരാട്ടം വെറുതെയായി.
2019 സെപ്റ്റംബറിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 21 പേരാണ് സിബിഐ അന്വേഷണത്തില്‍ പ്രതിസ്ഥാനത്തുള്ളത്. നേതാക്കള്‍ ഉള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തു. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.

Exit mobile version