സര്‍ക്കാര്‍ ജോലിയില്‍ 25000 പുതിയ അവസരങ്ങള്‍; പ്രഖ്യാപനം നടത്തി പഞ്ചാബ് മുഖ്യമന്ത്രി

0
233

പഞ്ചാബില്‍ ചരിത്ര വിജയത്തിന് പിന്നാലെ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഭഗ്‌വന്ത് മന്‍ മന്ത്രിസഭ. സംസ്ഥാനത്ത് യുവാക്കള്‍ക്കായി 25,000 പുതിയ സര്‍ക്കാര്‍ ജോലി അവസരങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ 10,000 ഒഴിവുകളും പഞ്ചാബ് പൊലീസ് സേനയിലാണ്.

മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതില്‍ വിവേചനമോ ശുപാര്‍ശയോ കോഴയോ കര്‍ശനമായി തടയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്മ.

ഒരു വനിതയുള്‍പ്പെടെ 10 മന്ത്രിമാരാണ് പഞ്ചാബില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രതിപക്ഷ നേതാവായ ഹര്‍പാല്‍ സിങ് ചീമ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിമാരായത്. കോണ്‍ഗ്രസിനും ബിജെപിക്കും പിന്നാലെ രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മൂന്നാമത്തെ പാര്‍ട്ടികൂടിയാണ് എഎപി. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അടിത്തറ വ്യാപിപ്പിക്കുകയാണ് ആം ആദ്മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം.

18 അംഗ മന്ത്രിസഭയില്‍ ബാക്കി ഏഴ് പേരെ വരും ദിവസങ്ങളില്‍ തീരുമാനിക്കും. പഞ്ചാബിന്റെ 16 ാം മത് മുഖ്യമന്ത്രിയായി ഈ മാസം 16നാണ് ഭഗവന്ത് മാന്‍ സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി ആം ആ്ദമി പാര്‍ട്ടി മാറിക്കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ ഈ മാസം 25 ന് നടക്കുന്ന യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതൃത്വനിര പങ്കെടുക്കും.

Leave a Reply