28 അസംബ്ലി സീറ്റില്‍ 15 ഉം കോണ്‍ഗ്രസിന്; ജയനഗര്‍ വിജയത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അഭിനന്ദിച്ച് ഉപമുഖ്യന്ത്രി

0
31

ബെംഗളൂരു: ജയനഗര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അഭിനന്ദിച്ചും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞും ഉപമുഖ്യമന്ത്രി ജി. പരമേശ്വര. കര്‍ണാടകയുടെ ഭാവി മുന്നില്‍ കണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച നല്ലവരായ എല്ലാ വോട്ടര്‍മാരോടും നന്ദി പറയുന്നതായി പരമേശ്വര ട്വിറ്ററില്‍ കുറിച്ചു. ഈ ഒരു വിജയത്തോടെ ബെംഗളൂരുവിലെ 28 അസംബ്ലി സീറ്റില്‍ 15 ഉം കോണ്‍ഗ്രസ് കയ്യടക്കിയെന്നും ജി. പരമേശ്വര റാവു പറഞ്ഞു.

ജെ.ഡി.എസുമായി ചേര്‍ന്ന് മെയ് 15 നാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കിയത്. 78 സീറ്റു നേടിയ കോണ്‍ഗ്രസും 37 സീറ്റുനേടിയ ജെ.ഡി.എസും സഖ്യമായി പോകാന്‍ ധാരണയായതോടെയാണ് 104 സീറ്റു നേടിയ ബി.ജെ.പിയെ വെട്ടി കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം അധികാരത്തിലെത്തിയത്.

മെയ് 12 നായിരുന്നു കര്‍ണാടകയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

വിജയകുമാറിന്റെ സഹോദരനായിരുന്നു പിന്നീട് സ്ഥാനാര്‍ത്ഥിയായി എത്തിയത്. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സൗമ്യ റെഡ്ഡി.ജനതാദള്‍ (എസ്) ജൂണ്‍ 5 ന് തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയും, ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുകയും കൂടി ചെയ്തതോടെ കോണ്‍ഗ്രസ്-ബി.ജെ.പി പോരാട്ടത്തിനാണ് ജയനഗര്‍ സാക്ഷ്യംവഹിച്ചത്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 55 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്. രണ്ട് ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 1,11,989 വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.

Leave a Reply