Saturday, October 5, 2024
HomeNewsKeralaവടകരയില്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: എസ് ഐ ഉള്‍പ്പെടെ 3 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

വടകരയില്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: എസ് ഐ ഉള്‍പ്പെടെ 3 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

വടകരയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ എസ് ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്കു സസ്പെന്‍ഷന്‍. സംഭവസമയത്ത് വടകര സ്റ്റേഷനിലുണ്ടായിരുന്ന എസ് ഐ നിജേഷ്, എ എസ് ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ സസ്‌പെന്‍ഡ് ചെയ്തത്.വടകര കല്ലേരി താഴേ കോലോത്ത് പൊന്മേരിപ്പറമ്പില്‍ സജീവന്‍(42) മരിച്ച സംഭവത്തിലാണു നടപടി. നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ടാ തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണു സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.

മരംവെട്ട് തൊഴിലാളിയായ സജീവനെ വാഹനാപകടവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ വടകര അടക്കാതെരുവില്‍ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. നഷ്ടപരിഹാരത്തെ ചൊല്ലി ഇരു കാറുകളിലുമുണ്ടായിരുന്നവര്‍ തമ്മില്‍ തര്‍ക്കവും ബഹളവുമുണ്ടായി. ഇതേത്തുടര്‍ന്ന്, പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ സജീവനെ കാര്‍ സഹിതം കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.

മദ്യപിച്ച കാര്യം സജീവന്‍ പൊലീസിനോട് സമ്മതിച്ചുവെന്നും തുടര്‍ന്ന് എസ് ഐ അടിച്ചെന്നുമാണു സുഹൃത്തുക്കളുടെ ആരോപണം. തുടര്‍ന്ന് വിട്ടയക്കപ്പെട്ട സജീവന്‍ സ്റ്റേഷനു പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സജീവനെ ഓട്ടോറിക്ഷയില്‍ വടകര സഹകരണ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നെഞ്ച് വേദനിക്കുന്നതായി സജീവന്‍ പറഞ്ഞിട്ടും ഏറെ നേരെ സ്റ്റേഷനില്‍ നിര്‍ത്തിയതായാണു സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആരോപണം. സജീവന്‍ പറഞ്ഞത് പൊലീസ് കാര്യമാക്കിയില്ലെന്നും ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ലെന്നും ഇവര്‍ പറയുന്നു. സ്റ്റേഷനു മുന്‍പില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് പൊലീസിന്റെ സഹായം തേടിയെങ്കിലും തിരിഞ്ഞുനോക്കിയില്ല. സജീവന്‍ കുഴഞ്ഞുവീഴുന്നതുകണ്ട സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവം വിവാദമായതോടെ ഉത്തരമേഖല ഐ ജി ടി വിക്രത്തിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വടകരയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെയാണു മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. സംഭവം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ഹരിദാസിന്റെ നേതൃത്തില്‍ അന്വേഷണം നടത്തി.സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, റൂറല്‍ ജില്ലാ പൊലീസ് മേധാവിയില്‍നിന്ന് അടിയന്തിര റിപ്പോര്‍ട്ട് തേടി. കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണു റിപ്പോര്‍ട്ട് തേടിയത്. 29-ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments