Pravasimalayaly

‘365 ദിവസം ക്യാമ്പ് ചെയ്താലും സുരേഷ് ​ഗോപി തൃശൂരിൽ ജയിക്കില്ല, ചാരിറ്റിയല്ല രാഷ്ട്രീയം’: എം വി ​ഗോവിന്ദൻ

തൃശൂർ: സുരേഷ് ​ഗോപിയെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ. തൃശൂരിൽ നിരവധി ചാരിറ്റി പ്രവർത്തനവുമായി സുരേഷ് ​ഗോപി സജീവമായി നിൽക്കുന്നതിനെക്കുറിച്ച് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് എവി ​ഗോവിന്ദൻ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ചാരിറ്റി പ്രവർത്തനത്തെ രാഷ്ട്രീയമായി കണക്കാക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

സാമൂഹിക പ്രവർത്തനം സന്നദ്ധ പ്രവർത്തനമാണ്. അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാ​ഗമല്ല. തൃശൂരിൽ ബിജെപിയുടെ വോട്ടു ശതമാനം ​ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവർത്തനത്തെ രാഷ്ട്രീയമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കം കേരളത്തിലെ ഉത്ബു​​​ദ്ധരായ വോട്ടർമാർക്ക് മനസിലാകും. വോട്ടർമാർ അതിനെ കൈകാര്യം ചെയ്യും. മുൻപും അങ്ങനെ ചെയ്തിട്ടുണ്ട്. 

ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നത് തെറ്റാണ്. അങ്ങനെ ശ്രമിക്കുമ്പോൾ അതുപിന്നെ ചാരിറ്റിയല്ല, രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയ പ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂ. തൃശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. 

ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതിന് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായെടുത്ത് അവിടത്തെ ബിജെപി വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിച്ച് ആര്‍ക്ക് ജയിക്കാനാകുമോ അവരെ വിജയിപ്പിക്കാന്‍ സിപിഎം ശ്രമിക്കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. 

Exit mobile version