Pravasimalayaly

രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക്; പിപി സുനീറും ജോസ്ജോസ് കെ മാണിയും സ്ഥാനാര്‍ത്ഥികള്‍

തിരുവന്തപുരം: സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പിപി സുനീര്‍ മത്സരിക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. സിപിഐ അസിസ്റ്റ് സെക്രട്ടറിയായ സുനീര്‍ പൊന്നാനി സ്വദേശിയാണ്. ജോസ് കെ മാണി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാനുള്ള തീരുമാനമുണ്ടായത്. സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ടു സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസ് (എം) നുമാണ് സിപിഎം വിട്ടു നല്‍കിയത്. ഐക്യകണ്ഠേനയാണ് തീരുമാനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വ്യക്തമാക്കി.

രാജ്യസഭ സീറ്റില്‍ ഈ മാസം 13 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. അതിനാല്‍ വേഗത്തില്‍ തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കേണ്ട സ്ഥിതി മുന്നണിക്ക് വന്നു. ഇടതുമുന്നണി നല്ല ഐക്യത്തോടും കെട്ടുറപ്പോടെയും പ്രവര്‍ത്തിക്കുന്നതായതിനാല്‍ വലിയ പ്രശ്നം നേരിടേണ്ടി വന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിപിഎമ്മിന് ഒറ്റയ്ക്ക് തന്നെ ഒരു സീറ്റില്‍ വിജയിക്കാന്‍ കഴിയുമെങ്കിലും മുന്നണി രാഷ്ട്രീയത്തിന്റെ പ്രസക്തി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, എല്‍ഡിഎഫിലെ എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് സിപിഎം സീറ്റ് ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഇപി ജയരാജന്‍ പറഞ്ഞു.എല്‍ഡിഎഫിലെ ഏതെങ്കിലും പാര്‍ട്ടിക്ക് യുഡിഎഫിലേക്ക് പോകേണ്ട ഗതികേടുള്ള പാര്‍ട്ടികളല്ല.

എല്‍ഡിഎഫിലെ എല്ലാ പാര്‍ട്ടികളും രാഷ്ട്രീയ ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തി ഒരുപാട് കഷ്ടതകളും ത്യാഗങ്ങളും അനുഭവിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ലക്ഷ്യബോധത്തോടെ ഈ മുന്നണിയുടെ ഭാഗമായവരാണ്. മറ്റു മുന്നണികളെപ്പോലെ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ഓടി നടക്കുന്ന നിലപാടൊന്നും എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ക്കില്ല. എല്ലാ പാര്‍ട്ടികള്‍ക്കും തുല്യമായ അവകാശങ്ങള്‍ നല്‍കി അഭിപ്രായങ്ങള്‍ കേട്ട് തീരുമാനമെടുക്കുകയാണ് ഇടതുമുന്നണി ചെയ്തതെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

Exit mobile version