കൊച്ചി: കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെതിരെ പുലിപ്പല്ല് മാലയുടെ പേരിൽ വനം വകുപ്പ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും. ഇദ്ദേഹത്തെ ഇന്ന് കോടനാട്ടെ വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകും. നാളെ കോടതിയിൽ ഹാജരാക്കും. തായ്‌ലൻഡിൽ നിന്ന് കൊണ്ടുവന്ന പുലിപ്പല്ലാണിതെന്ന് വേടൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതാണ്. കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ 7 വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്നതാണ് കുറ്റം. പുലിപ്പല്ല് കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ് ഇന്ത്യയിൽ. ഇത് വിദേശത്ത് നിന്നെത്തിച്ചാലും കുറ്റം നിലനിൽക്കും. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച വേടൻ തനിക്ക് പറയാനുള്ളത് പിന്നെ പറയാമെന്ന് പ്രതികരിച്ചു.അതിനിടെ കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരെയും അറസ്റ്റ് ചെയ്തു. ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരൻ വിഗനേഷ് ജി.പിള്ള, പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമൽ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരുമാണ് അറസ്റ്റിലായത്. വേടൻ്റെ മാല ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വനം വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.
കുരുക്കായി പുലിപ്പല്ല്, വേടനെതിരെ ജാമ്യമില്ലാ കേസ്
