Pravasimalayaly

ഹരിദാസന്റെ കൊലപാതകം: ബിജെപി മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

തലശേരി ന്യൂമാഹി പുന്നോലിൽ മത്സ്യത്തൊഴിലാളിയായ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള പ്രതികളിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴ് പേരാണ് കസ്റ്റഡിയിലുള്ളത്. ആർഎസ്എസ് പ്രവർത്തകരായ വിമിൻ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത് എന്നാണ് വിവരം. ഇതിൽ ലിജേഷ് നഗരസഭാ അംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമാണ്. സിപിഎമ്മുകാരെ കൈകാര്യം ചെയ്യുമെന്ന് പറയുന്ന ലിജേഷിന്റെ വിവാദ പ്രസംഗം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് വിവരം. കൊലപാതകം നടത്തിയവർ ഒളിവിലാണെന്നാണ് സൂചന. പ്രതികൾ ഉപയോഗിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മീന്‍പിടിത്തം കഴിഞ്ഞു വീട്ടിലെത്തിയഹരിദാസിനെ ബന്ധുക്കളുടെ മുന്നിലാണു വെട്ടിക്കൊന്നത്. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്നാണു സിപിഎമ്മിന്റെ ആരോപണം.

അതേസമയം, ഹരിദാസന്റെ മൃതദേഹം ഇന്നലെ തന്നെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്ന് വിലാപയാത്രയായിട്ടാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സിപിഎം നേതാക്കളായ പി. ജയരാജന്‍, എം. വി. ജയരാജന്‍, എ. എന്‍. ഷംസീര്‍ തുടങ്ങിയര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ടര്‍ അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കൊലപാതകം നടന്ന മേഖലയിലും പരിസരങ്ങളിലുമായി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഹരിദാസന് ഇരുപതിലേറെ തവണ വെട്ടേറ്റെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അരയ്ക്കു താഴെയാണ് മുറിവുകളേറെയും. ഒരേ ഇടത്ത് വീണ്ടും വെട്ടി മുറിവുകളുടെ എണ്ണം കണക്കാക്കാനാകാത്ത വിധം ശരീരം വികൃതമാക്കി. ഇടതുകാല്‍ മുട്ടിനു താഴെ വെട്ടിമാറ്റി. വലതുകാല്‍ മുട്ടിനു താഴെ നാലിടങ്ങളിലും ഇടതു കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

Exit mobile version