Sunday, November 24, 2024
HomeNewsKeralaനീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ ടിവസ്ത്രമഴിച്ച് പരിശോധന: അഞ്ച് വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍

നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ ടിവസ്ത്രമഴിച്ച് പരിശോധന: അഞ്ച് വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍

നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍. രണ്ട് കോളേജ് ജീവനക്കാരും മൂന്ന് ഏജന്‍സി ജീവനക്കാരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡിഐജി നിശാന്തിനി പറഞ്ഞു. പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചത്. ഇന്ന് കോളജില്‍ എത്തിയ സൈബര്‍ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച സ്വകാര്യ ഏജന്‍സിയിലെ ആളുകള്‍ക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനും കേസെടുത്തു. നീറ്റ് കൊല്ലം സിറ്റി കോ ഓര്‍ഡിനേറ്റര്‍ സംഭവം നിഷേധിക്കുകയാണ്. എന്നാല്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചിട്ടുണ്ട് എന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. തിരുവനന്തപുരത്തെ സ്റ്റാര്‍ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാര്‍ നല്‍കി. ഈ ഉപകരാറുകാരന്‍ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെണ്‍കുട്ടികളെ അവഹേളിച്ചത്.

അതേസമയം കൊല്ലം ജില്ലയില്‍ നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയൂര്‍ മാര്‍ത്തോമാ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ച് വന്‍ സംഘര്‍ഷത്തിലേക്ക് പോയിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments