Pravasimalayaly

അപകടത്തില്‍പ്പെട്ടയാളെ രക്ഷിച്ചാല്‍ 5,000 രൂപ പാരിതോഷികം; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്തും നടപ്പിലാക്കും

തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്ന വ്യക്തിയ്ക്ക് 5,000 രൂപ പാരിതോഷികം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്തും നടപ്പിലാക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിജയം കണ്ടതിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ സംസ്ഥാനത്തും ഇത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക,നിയമനൂലാമാലകളില്‍ നിന്ന് രക്ഷകരെ ഒഴിവാക്കുക, അവര്‍ക്ക് അംഗീകാരവും പാരിതോഷികവും നല്‍കുക എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. കേന്ദ്ര റോഡ്-ഹൈവേ ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്.

റോഡപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ പോലീസ് നടപടി ക്രമങ്ങളും നിയമനടപടികളും ആലോചിച്ച് പലരും മടിക്കാറുണ്ട്. നിരവധി പേരുടെ ജീവന്‍ റോഡില്‍ പൊലിയാന്‍ ഇത് കാരണമാക്കിയിരുന്നു. ഇതിന് ഒരു പരിഹാരമെന്നോണമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവന്‍ രക്ഷിക്കുന്നവര്‍ക്കായി പ്രത്യേക പാരിതോഷികം നല്‍കുന്ന ഗുഡ് സമരിറ്റന്‍ പദ്ധതി ആരംഭിച്ചത്. രക്ഷകരെ കേസുകളില്‍ നിന്ന് ഒഴിവാക്കാന്‍ 134എ വകുപ്പ് ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന നിയമം 2019ല്‍ ഭേദഗതി ചെയ്തിരുന്നു.

അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കുന്ന വ്യക്തി പോലീസില്‍ വിവരം അറിയിച്ചാല്‍ പൊലീസ് വ്യക്തിക്ക് ഔദ്യോഗിക രസീത് കൈമാറും. ഒന്നിലധികം പേര്‍ അപകടത്തില്‍പെടുകയും ഒന്നിലധികം പേര്‍ ചേര്‍ന്നു രക്ഷപ്പെടുത്തുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ രക്ഷപ്പെട്ട ഓരോരുത്തര്‍ക്കും 5,000 രൂപ എന്നു കണക്കാക്കി രക്ഷിച്ച ഓരോ ആള്‍ക്കും പരമാവധി 5000 രൂപ നല്‍കും. പദ്ധതി നടപ്പിലാക്കുവാനായി രൂപീകരിച്ച മേല്‍നോട്ട സമിതി പ്രതിമാസ യോഗം ചേര്‍ന്നു പാരിതോഷികം നല്‍കേണ്ടവരുടെ പട്ടിക സമര്‍പ്പിക്കും.

പാരിതോഷികം നല്‍കേണ്ടവരെ വിലയിരുത്താന്‍ കലക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ ജില്ലാതല സമിതികള്‍ വരും. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പദ്ധതിയുടെ സംസ്ഥാനതല മേല്‍നോട്ട സമിതി രൂപീകരിച്ചിരിക്കുന്നത്.

Exit mobile version