Pravasimalayaly

538 കോടിയുടെ ബാങ്ക് തട്ടിപ്പ്; ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ​ഗോയൽ അറസ്റ്റിൽ

മുംബൈ​: ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ​ഗോയൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അറസ്റ്റ് ചെയ്ത്. മുംബൈ ഓഫീസിൽ വച്ച് എട്ട് മണിക്കൂറോളം നേരം നരേഷ് ​ഗോയലിനെ ഇഡി ചോദ്യം ചെയ്തു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പ്രത്യേക കോടതിയിൽ നരേഷ് ​ഗോയലിനെ ഹാജരാക്കും. 

വായ്പയിൽ തിരിമറി നടത്തി കാനറ ബാങ്കിനു 538 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നു കാണിച്ചു നരേഷ് ​ഗോയലിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തത്. 

നേരത്തെ അദ്ദേഹത്തിന്റെ വീട്ടിലും ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ ഏഴിടങ്ങളിലാണ് റെയ്ഡ് നടന്നത്. നരേഷ് ​​ഗോയൽ, ഭാര്യ അനിത ​ഗോയൽ, കമ്പനിയുടെ മുൻ ഡയറക്ടർ ​ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു. പിന്നാലെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അനിത ​ഗോയൽ, കമ്പനിയിലെ മുൻ എക്സിക്യൂട്ടിവുകളടക്കം കേസിൽ പ്രതികളാണ്.

Exit mobile version