Pravasimalayaly

യുദ്ധം ഏഴാ ദിവസത്തിലേക്ക് ;6000 ലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് സെലൻസ്‌കി

ഇരു വിഭാഗത്തും കനത്ത നാശം വിതച്ച് റഷ്യ-യുക്രൈന്‍ യുദ്ധം ഏഴാ ദിവസത്തിലേക്ക് കടന്നു. ഇതുവരെ ആറായിരത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി അറിയിച്ചു. ഇന്ന് ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചിട്ടുണ്ട്.

ഖാര്‍ക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യന്‍ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാര്‍ക്കിവിന് പുറമെ സുമിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാര്‍ക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഖേഴ്സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. റേഴ്സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു.

കീവിലും ഖാര്‍ക്കീവിലും ആക്രമണം അതിരൂക്ഷമാണ്. കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. ഖാര്‍കീവ് നഗരത്തില്‍ റഷ്യന്‍ വ്യോമസേന എത്തിയതായി യുക്രൈന്‍ സ്ഥിരീകരിച്ചു. ഖാര്‍കീവിലെ ജനവാസ മേഖലയിലെ വ്യോമാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു.

Exit mobile version