രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡല്‍ഹി കര്‍ത്തവ്യപഥില്‍ രാവിലെ പത്തുമണിയ്ക്ക് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അല്‍ സിസിയാണ് ഇത്തവണ മുഖ്യാതിഥി. ഇതാദ്യമായാണ് ഒരു ഈജിപ്ഷ്യന്‍ നേതാവിനെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യതിഥിയായി ക്ഷണിക്കുന്നത്. പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ അതിഥിയായി എത്തുന്ന അഞ്ചാമത്തെയാണ് അബ്ദുള്‍ ഫത്താഹ് അല്‍ സിസി.
ദിനാഘോഷത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സൈനികശേഷിയും കരുത്തും പരേഡില്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ കേരളത്തിന്റെ ഫ്ലോട്ടും പരേഡില്‍ ഇടംപിടിച്ചിട്ടുണ്ട്. പെണ്‍കരുത്ത് എടുത്തുപറയുന്ന പ്രമേയമാണ് കേരളത്തിന്റെ ഫ്ലോട്ടിന്റെ ഇതിവൃത്തം.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ ആറു മണി മുതല്‍ ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.