Pravasimalayaly

8 പേർക്ക് ജീവൻ നൽകി അനുജത്തിന് കണ്ണീർപ്രണാമങ്ങളോടെ വിട..

അവയവദാനത്തിലൂടെ 8 പേർക്ക് ജീവൻ നൽകി അനുജിത്ത് യാത്രയായി. മരണത്തിലും അജയ്യനായി നിന്ന ഈ യുവത്വത്തിന് പ്രവാസി മലയാളിയുടെ കണ്ണീർ പ്രണാമങ്ങൾ

കഴിഞ്ഞ 14 ന് രാത്രി 10 മണിയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്ന വഴിമധ്യേയാണ് ബൈക്ക് അപകടത്തിൽ പെടുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കിംസ് ആശുപത്രിയിലും പ്രവേശിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. അവയവദാനത്തിന് നേരത്തെ സമ്മതം നൽകിയ അനുജത്തിന്റെ ഹൃദയം, വൃക്ക, കണ്ണുകൾ, ചെറുകുടൽ, കൈകൾ എന്നിവ ദാനം നൽകി.

2010 ൽ പാളത്തിൽ വിള്ളൽ കണ്ടതിനെത്തുടർന്ന് 5 കിലോമീറ്ററോളം ഓടി ചുവന്ന പുസ്തകങ്ങൾ വീശി ട്രെയിൻ നിർത്തി നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിച്ച് വാർത്തകളിൽ ഇടം പിടിച്ച അനുജിത്ത് ഇപ്പോൾ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക കാണിച്ചുതരുന്നു.

തിരുവനന്തപുരം മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ഭാര്യ പ്രിൻസിയുടെ വീടായ കുളക്കട പ്രിയ ഭവനിലാണ്‌ ആദ്യം എത്തിച്ചത്‌. തുടർന്ന് ഏഴുകോൺ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിലെക്ക്‌ എത്തിച്ചു. അനുജിത്തിന്റെ ഭാര്യ പ്രിൻസിയും മൂന്നു വയസ്സുള്ള മകൻ എഡ്വിനും അനുജിത്തിന് അന്ത്യചുംബനമേകിയപ്പോൾ കണ്ടുനിന്നവരുടെയും കണ്ണു നനഞ്ഞു. തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Exit mobile version