സർവകലാശാലകളിൽ ചാൻസലറുടെ അധികാരം നിയന്ത്രിക്കാനുള്ള സർവകലാശാല ഭേദഗതി ബില്ലുമായി സർക്കാർ മുന്നോട്ട്. വിവാദ ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം ഇല്ലാതാക്കുന്ന ബിൽ 24 ന് നിയമസഭയിൽ അവതരിപ്പിക്കും. 16 ന് ചേർന്ന മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നൽകിയിരുന്നു.
ലോകായുക്ത ഭേദഗതി ബില്ലും ബുധനാഴ്ച നിയമസഭയിലെത്തും. നേരത്തെ 26ന് ബിൽ അവതരിപ്പിക്കായിരുന്നു നീക്കം. 25, 26 ദിവസങ്ങളിൽ നിയമസഭ ഉണ്ടാകില്ല. വി.സിയെ നിയമിക്കാനുള്ള സേർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്താനാണു തീരുമാനം. ചാൻസലറുടെയും യുജിസിയുടെയും സർവകലാശാലയുടെയും പ്രതിനിധിക്കു പുറമേ സർക്കാരിന്റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തും.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. ഭൂരിപക്ഷം അംഗങ്ങൾ ശുപാർശ ചെയ്യുന്ന പാനൽ മാത്രമേ ഗവർണറുടെ പരിഗണനയ്ക്കു വരൂ. ഇതിൽ ഒരാളെ വി.സിയായി നിയമിക്കണം. ഇപ്പോൾ സേർച്ച് കമ്മിറ്റിക്ക് ഏകകണ്ഠമായോ അംഗങ്ങൾക്കു പ്രത്യേകമായോ പാനൽ സമർപിക്കാം. ഇതിലൊരാളെ ഗവർണർക്കു നിയമിക്കാം. ബിൽ നിയമമായാൽ ഈ അധികാരം ഇല്ലാതാകും. മൂന്നംഗ സേർച്ച് കമ്മിറ്റിയുമായി മുന്നോട്ടു പോയാൽ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും പ്രതിനിധികൾ വി.സിമാരാകുമെന്നാണു മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചത്.
സർക്കാരിന്റെ തീരുമാനം നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്നായിരുന്നു ഗവർണർ വിഷയത്തോട് പ്രതികരിച്ചത്. ബിൽ സഭയിൽ അവതരിപ്പിച്ചാലും ഗവർണർ അംഗീകാരം നൽകാൻ സാധ്യതയില്ല. ഒപ്പിടാതെ തീരുമാനം നീട്ടാനാകും. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കാനും കഴിയും.
അതേസമയം, അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക സ്പീക്കർ അവതരിപ്പിച്ചപ്പോൾ, ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. പുനർവിജ്ഞാപനം ചെയ്യാത്തതുമൂലം റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കാനാണ് അടിയന്തരമായി സമ്മേളനം ചേരുന്നതെന്നാണു സ്പീക്കർ എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.