തിരുവനന്തപുരം
കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കൾ തിരുവനന്തപുരത്ത് രഹസ്യയോഗം ചേർന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കവടിയാറിലെ ആര്യാടൻ മുഹമ്മദിന്റെ ഫ്ലാറ്റിലാണ് നേതാക്കൾ യോഗം ചേർന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെസി ജോസഫ്, ബെന്നി ബെഹ്നാൻ, കെ ബാബു, ആര്യാടൻ മുഹമ്മദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പരാജയം, നേതൃമാറ്റം തുടങ്ങിയവ സംബന്ധിച്ച് നിർണായകമായ ചർച്ചകളും തീരുമാനവും യോഗത്തിൽ ഉണ്ടായെന്നാണ് സൂചന. അതേസമയം ആര്യാടൻ മുഹമ്മദിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് അത് അന്വേഷിക്കാൻ എത്തിയതെന്നാണ് എംഎം ഹസൻ പ്രതികരിച്ചത്. മറ്റ് ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും നേതൃമാറ്റം സംബന്ധിച്ചുള്ള ചർച്ചകൾ അടുത്ത ദിവസത്തെ രാഷ്ട്രീയകാര്യസമിതിയിൽ നടക്കുമെന്നും എംഎം ഹസൻ പ്രതികരിച്ചു. മറ്റ് നേതാക്കളാരും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.