തിരുവനന്തപുരം; സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച എ. ഐ ക്യാമറകളുടെ പ്രവർത്തനം ജൂൺ അഞ്ചു മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പദ്ധതി നടപ്പിലാക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാനും ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സർക്കാർ നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി ഇന്നലെ യോഗം ചേർന്നു.യോഗത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ, ഐടി ഡിപ്പാർട്ട്മെന്റ് പ്രതിനിധി, ലോ ഡിപ്പാർട്ട്മെന്റ് പ്രതിനിധി, മറ്റു സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.കേന്ദ്ര വാഹന നിയമം അനുസരിച്ച് എ. ഐ കാമറകൾ ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ റോഡ് സുരക്ഷയ്ക്കായി സ്ഥാപിക്കുമ്പോൾ സെക്ഷൻ 167 എ പ്രകാരം അവ കൃത്യമായും, സുഗമമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനായി സർക്കാർ രൂപീകരിച്ച അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സേഫ് കേരള മോണിറ്ററിംഗ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.ആവശ്യമായ സാങ്കേതിക വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഈ മാസം 30 തി നുള്ളിൽ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ യോഗം ആവശ്യപ്പെട്ടു. ഈ സമിതിയുടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ജൂൺ 5 മുതൽ പദ്ധതി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. കാമറ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൃത്യമായി അറിവ് നൽകുന്നതിന് വേണ്ടി മുന്നറിയിപ്പു നൽകുകയും പ്രചരണങ്ങൾ നടത്തുകയും ചെയ്യും.എ. ഐ കാമറയുടെ ഉപയോഗം കൊണ്ട് അപകടം കുറയ്ക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ വഴി മതിയായ പ്രചരണം നൽകുകയും ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു .