Monday, November 25, 2024
HomeLatest Newsമകള്‍ക്ക് വേണ്ടി ആണ്‍വേഷം ധരിച്ച് ഒരമ്മ ജീവിച്ചത് 36 വര്‍ഷം

മകള്‍ക്ക് വേണ്ടി ആണ്‍വേഷം ധരിച്ച് ഒരമ്മ ജീവിച്ചത് 36 വര്‍ഷം

മകള്‍ക്ക് വേണ്ടി 36 വര്‍ഷം പുരുഷ വേഷം ധരിച്ച് അമ്മ. തമിഴ്‌നാട് തൂത്തുക്കുടിയിലാണ് 57കാരിയായ സ്ത്രീ തന്റെ മകളെ ‘സുരക്ഷിതമായി വളര്‍ത്തണം’ എന്ന ചിന്തയില്‍ പുരുഷവേഷം ധരിച്ച് ആ രീതിയില്‍ ജീവിച്ചത്. പുരുഷാധിപത്യ സമൂഹത്തില്‍ ഒറ്റപ്പെട്ട മകളെ സുരക്ഷിതമായി വളര്‍ത്താനാണ് താന്‍ ഈ അസാധാരണ നടപടി സ്വീകരിച്ചതെന്ന് കാട്ടുനായ്ക്കന്‍പട്ടി ഗ്രാമത്തില്‍ നിന്നുള്ള പെച്ചിയമ്മാള്‍ പറയുന്നു.

വിവാഹം കഴിഞ്ഞ് 15ാം ദിവസം തന്നെ വിധവയാകേണ്ടി വന്നവളാണ് പെച്ചിയമ്മാള്‍. അന്നവര്‍ക്ക് പ്രായം വെറും 20 വയസ്. ജീവിതത്തില്‍ പെട്ടന്നൊരു നിമിഷം ഒറ്റപ്പെട്ട് പോയ പെച്ചിയമ്മാള്‍ അറിഞ്ഞു, താന്‍ ഗര്‍ഭിണിയാണെന്ന്. വൈകാതെ തന്നെ അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പേര് ഷണ്‍മുഖസുന്ദരി.

ഒറ്റയ്ക്ക് ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്താന്‍ പെച്ചിയമ്മാള്‍ അന്ന് പ്രാപ്തയായിരുന്നില്ല. മകള്‍ സുരക്ഷിതമായി വളരണം. അതുമാത്രമായിരുന്നു അവരുടെ ആഗ്രഹം. മകള്‍ക്കായി നിര്‍മാണ സൈറ്റുകളിലും ചായക്കടകളിലും ഹോട്ടലുകളിലും പെച്ചിയമ്മാള്‍ ജോലി ചെയ്തു. ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ ചെറുപ്രായത്തില്‍ തന്നെ ധാരാളം അവര്‍ക്കുമുന്നിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നു. ചെറുപ്രായമാണെന്ന വാദത്തില്‍ ബന്ധുക്കള്‍ പെച്ചിയമ്മാളിനെ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാന്‍ അവള്‍ തയ്യാറായിരുന്നില്ല.

ജീവിതത്തിലെ ഒറ്റപ്പെടലിലും സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കുമിടയില്‍ ജോലി സ്ഥലത്തും മറ്റും പെച്ചിയമ്മാള്‍, ആക്രമണങ്ങള്‍ നേരിട്ടു. ലൈംഗികാതിക്രമവും പരിഹാസങ്ങളും മാനസിക പീഡനങ്ങളും പെച്ചിയമ്മാള്‍ അനുഭവിച്ചു. ഒടുവില്‍ തന്റെ മകളെ സുരക്ഷിതമായി വളര്‍ത്തണമെങ്കില്‍ ഒരു രൂപമാറ്റം വേണമെന്ന ചിന്തയിലേക്ക് പെച്ചിയമ്മാളെത്തി. വസ്ത്രധാരണ രീതി മാറ്റി, മുടി വെട്ടി, ഷര്‍ട്ടും ലുങ്കിയും ധരിച്ചു. മുത്തു എന്ന് പേരും മാറ്റി. അവിടെ നിന്ന് 36 വര്‍ഷം പെച്ചിയമ്മാള്‍ മുത്തുവായി ജീവിച്ചു. 20 വര്‍ഷം മുന്‍പാണ് പെച്ചിയമ്മാള്‍ മകളോടൊത്ത് കാട്ടുനായ്ക്കന്‍പട്ടിയില്‍ താമസമാക്കിയത്. നാട്ടിലുള്ള ബന്ധുക്കള്‍ക്കും മകള്‍ക്കും മാത്രമേ തന്റെ സ്വത്വം അറിയാമായിരുന്നുള്ളൂവെന്ന് പെച്ചിയമ്മാള്‍ പറയുന്നു.

ഷണ്‍മുഖസുന്ദരി ഇപ്പോള്‍ വിവാഹിതയായി, കുടുംബം സാമ്പത്തികമായി നല്ല നിലയിലാണ്. എന്നാല്‍ വേഷമോ വ്യക്തിത്വമോ മാറ്റാന്‍ പെച്ചിയമ്മാള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഐഡന്റിറ്റിയിലെ മാറ്റം തന്റെ മകള്‍ക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കിയെന്നും താന്‍ എക്കാലവും ‘മുത്തു’ ആയി തുടരുമെന്നും അവര്‍ പറയുന്നു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments