ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം; നിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ല, രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ തുടരുമെന്ന് എ വിജയരാഘവന്‍

0
222

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് പി ബി അഗം എ വിജയരാഘവന്‍. രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ തുടരുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സര്‍ക്കാരാണ്. ബിജെപിക്കെതിരെ ശക്തമായ നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. എന്നാല്‍ ഇത്തരം നിലപാടുകള്‍ ഇല്ലാത്തവരാണ് കേരളത്തിലെ പ്രതിപക്ഷമെന്നും വിജയരാഘവന്‍ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനുള്ള കേരളാ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഗുജറാത്ത് സന്ദര്‍ശനം. ഗുജറാത്തിലെ ഇ-ഗവര്‍ണന്‍സിനായി നടപ്പിലാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം അടിയന്തരമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐഎഎസും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാന്‍ ഗുജറാത്തിലെത്തുന്നത്.

അേതസമയം ഗുജറാത്തിലേക്ക് ചീഫ് സെക്രട്ടറിയെ അയയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. ഗുജറാത്തില്‍ സദ്ഭരണമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടെത്തല്‍. ആ സദ്ഭരണം പഠിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ചിരിക്കുകയാണ്. മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി ഇനി എന്നാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നു കൂടി അറിഞ്ഞാല്‍ മതിയെന്നും വിഡി സതീശന്‍ പഞ്ഞു.

പകല്‍ ബി.ജെ.പി വിരോധം പറയുകയും രാത്രിയാകുമ്പോള്‍ സംഘപരിവാറുമായി സന്ധി ചേരുകയും ചെയ്യുന്ന നിലപാടാണ് സിപിഎമ്മിന്റേത്. സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിലും കോണ്‍ഗ്രസിനെ തകര്‍ത്ത് ബിജെപിയെ സഹായിക്കുകയെന്ന ലൈനാണ് കേരള ഘടകം സ്വീകരിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു

Leave a Reply