ഗുജറാത്തില്‍ സാന്നിധ്യമറിയിച്ചതോടെ ആം ആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടിയാകാനുള്ള യോഗ്യത നേടി. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആറു ശതമാനത്തോളം വോട്ടു ലഭിച്ചതോടെയാണ് എഎപി ദേശീയ പാര്‍ട്ടി അംഗീകാരത്തിന് അര്‍ഹത നേടിയത്. ഗുജറാത്തില്‍ എട്ടു മണ്ഡലങ്ങളിലാണ് എഎപി ലീഡ് ചെയ്യുന്നത്.
നിലവില്‍ ഡല്‍ഹി, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന പാര്‍ട്ടിയാണ്. ഡല്‍ഹിയിലും പഞ്ചാബിലും എഎപിയാണ് ഭരിക്കുന്നത്. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയും ആറു ശതമാനം വോട്ടുമാണ് വേണ്ടത്. എഎപിയെ ദേശീയ പാര്‍ട്ടിക്കിയതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് ബാനറുകളും പോസ്റ്ററുകളും വെച്ചിട്ടുണ്ട്.
ഗുജറാത്തില്‍ എഎപി സാന്നിധ്യം അറിയിച്ചപ്പോള്‍, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ആപ്പിന് ലഭിച്ച വോട്ടുകളിലേറെയും കോണ്‍ഗ്രസ് മതേതര വോട്ടുകളാണെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. അതേസമയം ഹിമാചല്‍ പ്രദേശില്‍ എഎപിക്ക് ഒരിടത്തും ലീഡ് നേടാനായിട്ടില്ല.
ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് പത്താം വര്‍ഷത്തിലാണ്, പാര്‍ട്ടി ദേശീയ പാര്‍ട്ടി അംഗീകാരത്തിന് അര്‍ഹത നേടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയാല്‍, അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ദേശീയപാര്‍ട്ടിയെന്ന തലയെടുപ്പോടെ എഎപിക്ക് മത്സരിക്കാനാകും. രാജ്യത്ത് നിലവില്‍ ഏഴു രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി അംഗീകാരമുള്ളത്.