Pravasimalayaly

അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം; ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി നിര്‍ത്തിവെച്ചു. കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. 

അഞ്ചുലക്ഷം രൂപ കെട്ടിവെക്കണം. സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. 

കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, മൂന്നാംപ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം ശിക്ഷയുമാണ് 2020 ഡിസംബര്‍ 23 ന് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്. 

സിബിഐ കോടതിയുടെ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് വിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ നീതിപൂര്‍വകമല്ലെന്നും പ്രതികള്‍ ആരോപിച്ചിരുന്നു. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചത്.

Exit mobile version