തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വര്‍ധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി സിസ്റ്റര്‍ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോള്‍. സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് പരോള്‍ വിവരം അറിയിച്ചത്. ജയിലിലെ ഹൈപവര്‍ കമ്മിറ്റിയാണ് 90 ദിവസം പരോള്‍ അനുവദിച്ചത്. ഹൈക്കോടതി ജഡ്ജി സി.ടി. രവികുമാര്‍, ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ്, ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയില്‍ ഹൈപവര്‍ കമ്മിറ്റി, 60 വയസ്സു കഴിഞ്ഞ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ കൂടെയാണ് അഭയ കേസിലെ പ്രതിയ്ക്കും പരോള്‍ ലഭിച്ചത്.
ഫാ. തോമസ് കോട്ടൂര്‍ നല്‍കിയ ജാമ്യ ഹരജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ അഞ്ച് പ്രാവശ്യം തള്ളിയിരുന്നു. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സിസ്റ്റര്‍ സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവുമാണ് സി.ബി.ഐ. കോടതി ശിക്ഷ വിധിച്ചത്.
ഇത്തരത്തിലുള്ള പരോളുകള്‍ അനുവദിച്ച് പ്രതികളെ സൈ്വര്യജീവിതം നയിക്കാന്‍ അനുവദിച്ചു കൊടുക്കുന്നത് നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. അഞ്ച് മാസം പോലും തികയുന്നതിനു മുന്‍പാണ് പ്രതി തോമസ് കോട്ടൂരിന് പരോള്‍ അനുവദിച്ചതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു.
ജോമോൻ പുത്തൻ പുരയ്‌ക്കലിന്റെ ഫേസ്ബുക് പോസ്റ്റ്
ജയിലിൽ കോവിഡ് വർധിച്ചുവെന്ന പേരിൽ അഭയ കേസിലെ പ്രതി ഫാ. കോട്ടൂരിന് 90 ദിവസം പരോൾ അനുവദിച്ചു.
സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും കോവിഡ് വർധിച്ചുവെന്ന പേരിൽ, സെൻട്രൽ ജയിലിലെ ഹൈപവർ കമ്മിറ്റി 90 ദിവസം പരോൾ അനുവദിച്ചതിനെ തുടർന്ന്, പ്രതി കോട്ടൂർ ഇന്നലെ ജയിലിൽ നിന്നും പുറത്തിറങ്ങിയെന്ന്, സെൻട്രൽ ജയിൽ സൂപ്രണ്ട് എന്നോട് പറഞ്ഞിരുന്നു.
ഹൈക്കോടതി ജഡ്ജി സി.റ്റി. രവികുമാർ, ആഭ്യന്തര സെക്രട്ടറി റ്റി.കെ. ജോസ്, ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയിൽ ഹൈപവർ കമ്മിറ്റി, 60 വയസ്സു കഴിഞ്ഞ പ്രതികൾക്ക് പരോൾ അനുവദിച്ച കൂടെയാണ്, അഭയ കേസിലെ പ്രതിയ്ക്കും പരോൾ ലഭിച്ചത്. എന്നാൽ, ഫാ. തോമസ് കോട്ടൂർ നൽകിയ ജാമ്യ ഹർജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, കഴിഞ്ഞ 4 മാസത്തിനുള്ളിൽ 5 പ്രാവശ്യവും ഫാ.കോട്ടൂരിന് ജാമ്യം നിഷേധിച്ചിരുന്നു.
അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ രണ്ട് പ്രതികൾക്ക് 2020 ഡിസംബർ 23 ന്, കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവും സി.ബി.ഐ. കോടതി ശിക്ഷ വിധിച്ച്, 5 മാസം പോലും തികയുന്നതിനു മുൻപാണ് പ്രതി തോമസ് കോട്ടൂർ ഇന്നലെ പരോൾ അനുവദിച്ച് പുറത്തു പോയത്.
1992 മാർച്ച് 27ന് നടന്ന കൊലപാതകം, പ്രതികൾ അന്വേഷണ ഏജൻസികളെയെല്ലാം സ്വാധീനിച്ച് കേസ് അട്ടിമറിച്ചും, വിചാരണ നീട്ടി കൊണ്ട് പോയും 28 വർഷം കഴിഞ്ഞാണ് പ്രതികളെ കോടതി ശിക്ഷിച്ചത്. എന്നിട്ട്, അറുപത് വയസ്സു കഴിഞ്ഞുവെന്നും, കോവിഡ് തരംഗമായതിനാൽ പരോൾ അനുവദിക്കുന്നുവെന്നും പറയുന്ന നിലപാട്, ഒരു കുറ്റവും ചെയ്യാത്ത ഇന്ത്യയിലെ ജനങ്ങളെ കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് രക്ഷപെടുത്താൻ കഴിയാതെ പകച്ചു നിൽക്കുന്നതിനിടയിലാണ് കൊലക്കേസിലെ പ്രതികളെ കൊറോണയുടെ പേരിൽ പരോൾ അനുവദിച്ചു രക്ഷിക്കാൻ ശ്രമിച്ചത്. പ്രതികൾക്ക് കോടതിയിൽ നിന്ന് ശിക്ഷ കിട്ടിയാലും ജയിലിൽ കിടത്താതെ, ഇതുപോലുള്ള പരോളുകൾ അനുവദിച്ച് പ്രതികളെ സ്വൈര്യജീവിതം നയിക്കാൻ അനുവദിച്ചു കൊടുക്കുന്നത്, നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണ്.
- ജോമോൻ പുത്തൻപുരയ്ക്കൽ
12 – 05 -2021