Sunday, November 24, 2024
HomeNewsKeralaപേവിഷബാധയേറ്റ് മരണം: അഭിരാമിയുടെ സംസ്കാരം നാളെ , ചികിൽസാ പിഴവിൽ പ്രതിഷേധം

പേവിഷബാധയേറ്റ് മരണം: അഭിരാമിയുടെ സംസ്കാരം നാളെ , ചികിൽസാ പിഴവിൽ പ്രതിഷേധം

പത്തനംതിട്ട  പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം നാളെ സംസ്കരിക്കും. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എത്തിച്ച മൃതദേഹം റാന്നിയിലെ മർത്തോമാ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവുണ്ടായെന്ന പ്രതിപക്ഷ ആരോപണം തുടരുകയാണ്. ഈ വിഷയം ഉന്നയിച്ച് ഇന്നും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്.

കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു . പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

 12 കാരി അഭിരാമിക്ക് പേവിഷബാധയേറ്റ കാര്യത്തിൽ സ്ഥിരീകരണമായിരുന്നു. പുനെയിലെ വൈറോളജി ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. 

ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments