Saturday, November 23, 2024
HomeNews45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍

45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍

ദിവസം രണ്ടര ലക്ഷം പേര്‍ക്കു വീതം 45 ദിവസം കൊണ്ട്
ലക്ഷ്യം കൈവരിക്കും

തിരുവനന്തപുരം: 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങുന്ന ഏപ്രില്‍ ഒന്നു മുതല്‍ ദിവസം രണ്ടര ലക്ഷം പേര്‍ക്കു വീതം വാക്‌സിന്‍ നല്‍കി 45 ദിവസം കൊണ്ടു ലക്ഷ്യം കൈവരിക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.  
സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് 42 ദിവസം മുതല്‍ 56 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് എടുക്കണം. കോവാക്‌സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍ ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കണം.
വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കുവാന്‍ പൊതുജനങ്ങള്‍ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ഥിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവരും ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണം. തെരഞ്ഞെടുപ്പ്, ഉത്സവം, പൊതു പരീക്ഷകള്‍ തുടങ്ങിയവ വരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments