സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വഹാനാപകടത്തില്‍ മൂന്ന് മരണം. ആലപ്പുഴ ദേശിയ പാതയില്‍ പൊന്നാംവെളിയില്‍ നടന്ന അപകടത്തിലാണ് രണ്ട് മരണങ്ങള്‍ സംഭവിച്ചത്. പിക്കപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ലോറി വന്ന് ഇടിയ്ക്കുകയായിരുന്നു.
പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി ബിജു, സഹായിക്കാനെത്തിയ പട്ടണക്കാട് സ്വദേശി വാസുദേവനുമാണ് മരിച്ചത്. വാസുദേവന്‍ രാവിലെ ക്ഷേത്രത്തില്‍ പോയി മടങ്ങി വന്ന വഴിക്കാണ് പിക്കപ്പ് വാന്‍ പഞ്ചറായത് കാണുന്നതും സഹായിക്കാനായി എത്തിയതും.
ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. ബിജുവിനെ ആദ്യം തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ സമീപവാസികളാണ് വാസുദേവനെ തിരിച്ചറിഞ്ഞത്. ഹോളൊ ബ്രിക്സുമായി പോയ ലോറിയാണ് ഇടിച്ചത്.
അതേസമയം, തിരുവനന്തപുരം തിരുവല്ലത്താണ് മറ്റൊരു മരണത്തിനിടയായ അപകടം സംഭവിച്ചത്. ഡിവൈഡറില്‍ തട്ടി ബൈക്ക് മറിഞ്ഞ് പറവിളകം സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. 49 വയസായിരുന്നു.