സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്ന് ‘ഹോം’ സിനിമയെ ഒഴിവാക്കിയതിൽ ഗുരുതര ആരോപണവുമായി ഇന്ദ്രൻസ്. ഹോം സിനിമ അവാർഡ് നിർണയകമ്മിറ്റി കണ്ടിട്ടുണ്ടാകില്ല. ചിത്രം കണ്ടവരാണ് അഭിപ്രായം പറയുന്നത്. കാണാത്തവർക്ക് ഒന്നും പറയാനുണ്ടാവില്ല. ഒഴിവാക്കാൻ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാവാമെന്നും ഇന്ദ്രൻസ് പറഞ്ഞു.
ഒരു കുടുംബത്തിൽ ആരെങ്കിലും തെറ്റ് ചെയ്താൽ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലല്ലോ. കുറ്റവാളി നിരപരാധിയെന്ന് തെളിഞ്ഞാൽ പിന്നെ എല്ലാവരെയും വിളിച്ച് സിനിമ കാണുമോയെന്നും അദ്ദേഹം ചോദിച്ചു. കലാകാരന്മാരെ കൈവെള്ളയിൽ കൊണ്ടുനടക്കുന്നുവെന്ന നമ്മുടെ ഒരു സർക്കാർ ഉള്ളപ്പോഴാണിങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സിനിമ ജൂറി കണ്ടു കാണില്ല എന്നത് ഉറപ്പാണ്. അതല്ലെങ്കിൽ അവർ എന്തെങ്കിലും പ്രതികരിച്ചേനെ. മികച്ച നടനുള്ള പുരസ്‌കാരം രണ്ട് പേർക്കു കൊടുത്തില്ലേ. ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേർത്തുവയ്ക്കമായിരുന്നില്ലേ. എന്റെ കുടുംബം തുലച്ചു കളഞ്ഞതിൽ സങ്കടമുണ്ട്.
ഹോം സിനിമയുടെ പിന്നിൽ വലിയ ക്രൂ ഉണ്ടായിരുന്നു. കൊറോണ കാലത്ത് സർക്കാർ തന്ന പരിമിതികൾക്കുള്ളിൽ ചെയ്ത സിനിമയാണ്. സംവിധായകന്റെ ഒരുപാട് കാലത്തെ സ്വപ്നമാണ്. പലരും ഒടിടി പ്ലാറ്റ്‌ഫോം അറിഞ്ഞു തുടങ്ങിയതു തന്നെ ഹോം സിനിമയ്ക്കു ശേഷമാണ്.’ അതേസമയം യോഗമില്ലാത്തതിനാലാവാം പുരസ്‌കാരത്തിന് പരിഗണിക്കാതെന്ന് മഞ്ജുപിള്ള പറഞ്ഞു.