Pravasimalayaly

നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

പ്രശസ്ത സിനിമ നാടക നടൻ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം കേരളപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും.

പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്ണൻകുട്ടി ഭാഗവതരുടെ മകനാണ്. കെഎസ്ആർടിസിയിലെയും കയർബോർഡിലെയും ജോലി ഉപേക്ഷിച്ചാണ് തങ്കരാജ് അഭിനയത്തിലേക്ക് കടന്ന‌ത്. നാടകരംഗത്തു നിന്നും വിലക്ക് ഏർപ്പെടുത്തിയപ്പോൾ സിനിമയിലെത്തി. പ്രേം നസീർ നായകനായ ആനപ്പാച്ചൻ ആയിരുന്നു ആദ്യ സിനിമ. പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു കഥാപാത്രം. പിന്നീട് അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യൻ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അണ്ണൻ തമ്പി, ആമേൻ, ലൂസിഫർ, ഇഷ്ക്, ഹോം തുടങ്ങിയ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.

Exit mobile version